നിലമ്പൂര്‍: കൂറ്റമ്പാറയില്‍ നിന്ന് രണ്ട് കിന്റലോളം കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. ഗൂഡല്ലൂര്‍ പെരുന്തുറൈ സ്വദേശി ഷാഫി എന്ന ഷാഫിര്‍ അഹമ്മദ് (34), ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി ശിഹാബുദ്ദീന്‍ (35) എന്നിവരെയാണ് സംഭവത്തിൽ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ മൊത്തം 6 പേർ അറസ്റ്റിലായി.
Also read: ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം: ഫെബ്രുവരി 19 വരെ അപേക്ഷിക്കാം
കൂറ്റമ്പാറയില്‍ കഞ്ചാവ് വില്പന നടത്തിയ ശേഷം വാഹനവുമായി ഗൂഡല്ലൂരിലേക്ക് പോകുന്ന വഴി, കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ് വഴിക്കടവില്‍ പിക്കപ്പ് ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതികളാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും കൂറ്റമ്പാറയില്‍ നിന്ന് രണ്ട് കിന്റലോളം കഞ്ചാവും ഹാഷിഷ് ഓയിലുമാണ് പിടികൂടിയിരുന്നത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഹോണ്ട സിറ്റി കാര്‍, ബൊലേറോ പിക്കപ്പ്, ബൈക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. കൂറ്റമ്പാറ സ്വദേശികളായ അബ്ദുള്‍ ഹമീദ്, സല്‍മാന്‍, വിഷ്ണു, പോത്തുകല്ല് സ്വദേശി റഫീഖ്, എടക്കര സ്വദേശി ഷറഫുദിന്‍, അമരമ്പലം സ്വദേശികളായ അലി, ജംഷാദ് എന്നിവരെയും ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ട് പേരെയും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം ഏറ്റെടുത്ത എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘമാണ് ഒളിവിൽ പോയ ഗൂഡല്ലൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments