കൊച്ചി : പ്രോസിക്യൂഷന് പൊലീസിന്റെ മൗത്ത് പീസ് ആകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നതായും ഫോണുകള്‍ കോടതി ആവശ്യപ്പെട്ട പ്രകാരം കൈമാറിയിരുന്നതായും അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞത് എങ്ങനെ കുറ്റമാകുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
‘സർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്നു പറഞ്ഞതു ഭീഷണിയല്ല. കള്ളം പറഞ്ഞാലും എഴുതിക്കൊടുക്കാൻ പാടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിൽ വച്ചു കൊല്ലാൻ ഭീഷണിപ്പെടുത്തിയ ദിലീപ് എത്ര ഭയങ്കരനാണെന്നല്ലേ ആളുകൾ വിചാരിക്കൂ. ഇങ്ങനെ കള്ളം എഴുതിക്കൊടുക്കാമോ എന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ അടിമുടി വൈരുധ്യമെന്നും പ്രോസിക്യൂഷന് പറയുംപോലെ ചെറിയ വൈരുധ്യമല്ല ഉളളതെന്നും ദിലീപ് വാദിച്ചു. എഫ്ഐആറിന്റെ അടിസ്ഥാനം തന്നെ ഈ വൈരുധ്യമാണെന്നും കേസിന് ബലം കിട്ടാന്‍ എഡിജിപിയുടെ പേര് കൂട്ടിച്ചേര്‍ത്തതാണെന്നും ദിലീപ് പറഞ്ഞു. ‘ഒരാള്‍ പറയുന്നു, മറ്റുള്ളവര്‍ ചുമ്മാ കേട്ടിരിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാകും. ബാലചന്ദ്രകുമാറിന് എന്ത് വേണമെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയും. ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററാണ്’.ദിലീപ് വാദിച്ചു.
അതേസമയം, വധശ്രമ ഗൂഢാലോചനാ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെ കോടതി പരിസരത്തുവച്ച് ദിലീപ് ഭീഷണിപ്പെടുത്തിയാതായി പ്രോസിക്യൂഷന് ആരോപിച്ചു. ‘സാറ് കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്ന് ദിലീപ് ചോദിച്ചത് പരോക്ഷമായ ഭീഷണിയാണെന്നും പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകുമെന്നും പ്രോസിക്യൂഷന് ചോദിച്ചു.
Post Your Comments