കേരളത്തില്‍ ചൂട് കൂടിയതോടെ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ തണുപ്പുതേടി പുറത്തിറങ്ങുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാടശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലും പാമ്പുകള്‍ കിടക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കാന്‍ സാധ്യതയേറെയാണ്.
ശീതരക്തമുള്ള പാമ്പുകള്‍ അസഹ്യമായ ചൂടില്‍ ശരീര താപനില കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് പുറത്തിറങ്ങുന്നത്.
അപകടം ഒഴിവാക്കാം
സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുത്.
തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാന്‍ വിടരുത്.
പാമ്പുകള്‍ ആള്‍ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്കാണ് കൂടുതലായി ഇറങ്ങുന്നത്.
ഇര പിടിച്ച ശേഷം രാവിലെയോടെ മാളത്തിലേക്ക് തിരിച്ച് പോകും.
ഈ സമയമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ അയാളെ എത്രയും വേഗം പാമ്പുകടി ചികിത്സയ്ക്കുള്ള സംവിധാനമുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നത് തന്നെയാണ് പരമപ്രധാനം. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവ് പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം. ഇത് മനസില്‍ വെച്ചുകൊണ്ടാണ് രോഗിയെ പരിചരിക്കേണ്ടത്. അടിയന്തിര സഹായത്തിനായി സര്‍പ്പ മൊബൈല്‍ ആപ്പ് പോലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
കടിയേറ്റ ശേഷമുള്ള ആദ്യ ഒന്നര മിനിറ്റ് ഏറെ നിര്‍ണായകമാണ്. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിലാണ് കിടത്തേണ്ടത്. കടിച്ച ഭാഗം മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കരുത്. പാമ്പ് കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതെ ആത്മവിശ്വാസം നല്‍കുക എന്നതാണ് പ്രധാനം. കടിയേറ്റ ആളെ ഉടനടി ആശുപത്രിയിലെത്തിക്കുക.
പാമ്പ് കടിയേറ്റ ആള്‍ക്ക് എന്താണ് കുടിക്കാന്‍ നല്‍കേണ്ടത്?
പാമ്പ് കടിയേറ്റ ആളിന് കുടിക്കാന്‍ ധാരാളം ശുദ്ധജലം നല്‍കേണ്ടതുണ്ട്. ഇതിന് പുറമേ ഉപ്പിട്ട കഞ്ഞി വെള്ളവും നല്‍കാവുന്നതാണ്. ആശുപത്രിയില്‍ എത്തിച്ചയുടന്‍ രോഗിക്ക് പാമ്പിന്റെ വിഷത്തിനെതിരായ പ്രതിവിഷം(ആന്റി വെനം) ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
കടിച്ച പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയെ സഹായിക്കുമോ?
എല്ലാവര്‍ക്കുമുള്ള സംശയമാണിത്. കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിഞ്ഞാല്‍ ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
പാമ്പ് കടിയേറ്റയുടന്‍ പരിഭ്രമിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതും പ്രധാനമാണ്. കടിയേറ്റ ആളെ പരിഭ്രാന്തനാക്കാന്‍ ചുറ്റുമുള്ള ആളുകള്‍ ഒരു കാരണവശാലും ശ്രമിക്കരുത്. ഭയപ്പെടുന്നത് വിഷം ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കും.
ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ മുറിവ് കീറാന്‍ പാടില്ല.
മുറിവിന് മുകളിലായി കയറോ തുണിയോ കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിനിടയാക്കും. മുറിവിന് മുകളില്‍ തുണി കെട്ടണമെന്നുണ്ടെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അയവില്‍ വേണം കെട്ടാന്‍. പത്ത് മിനിറ്റ് ഇടവിട്ട് ഇത് അഴിച്ച് കെട്ടേണ്ടതുണ്ട്. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്ക് നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്,
ആല്‍ക്കഹോള്‍ പാടില്ല, മൂത്രം കുടിപ്പിക്കുന്നത് അശാസ്ത്രീയം
പാമ്പ് കടിയേറ്റ ആള്‍ക്ക് മധുരമുള്ള പാനീയങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. ഒരു കാരണവശാലും ആല്‍ക്കഹോള്‍ പാടില്ല. ചിലര്‍ മൂത്രം വിഷമിറങ്ങാന്‍ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. ഇങ്ങനെ ചെയ്യാനെ പാടില്ല
ശരീരം കൂടുതല്‍ ഇളകാതെ നോക്കുക
കടിയേറ്റയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്
Post Your Comments