Latest NewsNewsIndia

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022ലെ ബജറ്റ് ജനകീയം : രാജ്യത്ത് മികച്ച പ്രതികരണം

ന്യൂഡല്‍ഹി: 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ രാജ്യം ആകാംക്ഷയോടെയാണ് കേട്ടത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും എത്തിക്കുന്നതാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന രേഖയാണ് ഈ ബജറ്റെന്നും മന്ത്രി അറിയിച്ചു. നാലു കാര്യങ്ങള്‍ക്കാണ് 2022 പൊതുബജറ്റില്‍ ഊന്നല്‍ നല്‍കിയത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണവ.

Read Also : വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാലും കെ റെയില്‍ ഒഴിവാക്കുന്ന പ്രശ്‌നമില്ല : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങളാണ് ഇനി രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്.

വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ് എന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനിലേയ്ക്ക് മാറിയ പശ്ചാത്തലത്തിലാണ് തീരുമാനം.

അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക ചിലവഴിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേയെ പരിഷ്‌ക്കരിക്കാന്‍ തക്കവണ്ണത്തിലുള്ള പുതിയ തീവണ്ടികള്‍ ഇറക്കുമെന്നതുമാണ് പ്രഖ്യാപനങ്ങളില്‍ പ്രധാനമായത്. രാജ്യം ഡിറ്റല്‍ കറന്‍സിയിലേക്ക് കടക്കുന്നു എന്ന പ്രഖ്യാപനവും ഏറെ നിര്‍ണായകമായി. വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് ഡിജിറ്റില്‍ റുപ്പീ അനിവാര്യമായ മാറ്റം തന്നെയാണ് കൊണ്ടുവരുന്നത്. വിവിധ പൊതുമേഖലാ ബാങ്കുകള്‍ ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി.

5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നതാണ് പദ്ധതിയുടെ സവിശേഷത. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും.

കേന്ദ്ര ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു റെയില്‍വേയുടെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന വന്ദേഭാരത് ട്രെയിനുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് വരിക.

തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉല്‍പാദനം കൂട്ടാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇഎംയു ട്രെയിന്‍ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. ആസാദി കി അമൃത് മഹോല്‍സവിന്റെ ഭാഗമായി 75 ആഴ്ചകള്‍ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണു 400 ട്രെയിനുകള്‍ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യമാകെ കോവിഡ് മഹാമാരി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഭവനപദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ് പ്രഖ്യാപനത്തിലെ എടുത്തു പറയാവുന്ന മറ്റൊന്ന്. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ 60.000 കോടി രൂപയും നീക്കിവച്ചു.

പൊതുവെ മികച്ച പ്രതികരണമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ ബജറ്റിനുള്ളത്. സാധാരണക്കാര്‍ക്കും ഉന്നത മേഖലയിലുള്ളവര്‍ക്കും ബജറ്റ് ഒരു പോലെ സ്വീകാര്യമായതായി ധനകാര്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button