KeralaLatest NewsNews

പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്: വാവ സുരേഷിന്റ പണി നിർത്തിക്കണമെന്ന് ഹരീഷ് വാസുദേവൻ

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്ന് ഹരീഷ് വാസുദേവൻ

കോട്ടയം ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്നും പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നതെന്നും ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു. കാളപ്പോരിന്റെ വീറ് പോലെ വീറുള്ള, ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ എത്തിയത്. ഒരു കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാർ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കിൽ ഇടുന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കടിക്കുകയായിരുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാൾക്ക് ആ പണി അറിയാം’ എന്നു നാം പറയുക. ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല. വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാർക്ക് റിസ്കും. കാളപ്പോരിന്റെ വീറ് പോലെ വീറുള്ള, ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല. പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം. അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ. (തെറിവിളി കൊണ്ട് ഞാൻ പറയുന്നതിനെ ഇല്ലാതാക്കാൻ പറ്റില്ല).

shortlink

Related Articles

Post Your Comments

Related Articles


Back to top button