കൊച്ചി: മാല മോഷണ കേസിലെ പ്രതിയെ മാപ്പ് പറയാന്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടി. ഇടുക്കി ഉടുമ്പന്നുര്‍ കണിയ പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രണ്ടാര്‍കരയില്‍ പലചരക്കു സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ വിഷ്ണു പ്രസാദ് കട നടത്തുന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാല വലിച്ചു പൊട്ടിച്ച് ഓടുകയായിരുന്നു. ഒന്നര പവന്റെ മാലയാണ് വിഷ്ണു മോഷ്ടിച്ചത്. വയോധികയുടെ പരാതിയെതുടര്‍ന്നാണ് മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതി വിഷ്ണുപ്രസാദ് ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും വിഷ്ണു അവിടെ ഉണ്ടായിരുന്നില്ല. കുടുംബവുമൊത്ത് വേളാങ്കണ്ണിക്ക് പോയെന്നാണ് അയല്‍ വീട്ടുകാരോട് പറഞ്ഞത്.
വിഷ്ണു പ്രസാദിന്റെ വാഗമണിലുള്ള വീട്ടിലും പോലീസ് എത്തി അന്വേഷണം നടത്തി. ഇതോടെ പോലീസ് തന്നെ തിരിച്ചറിഞ്ഞു എന്ന് ഉറപ്പിച്ച പ്രതി മാല നഷ്ടപ്പെട്ട വയോധികയെ നേരില്‍ കണ്ട് മാപ്പ് പറയാന്‍ വിഷ്ണുപ്രസാദ് ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
ആളെ തിരിച്ചറിയാതിരിക്കാനായി പ്രതി മുടി പൂര്‍ണ്ണമായും വെട്ടി രൂപത്തിലും മാറ്റം വരുത്തിയിരുന്നു. വിഷ്ണുപ്രസാദ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ഉപ്പുതറ പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments