കരുമാലൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽ കയറി ഗുണ്ടാ സംഘം സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ നേരിട്ടു ബന്ധമുള്ള ആറു പേരെയും അവരുടെ സഹായികളായ മൂന്നു പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ആലങ്ങാട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായി സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറാംഗ സംഘം സഹോദരങ്ങളായ ഷാനവാസിനെയും നവാസിനെയും മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടുകയായിരുന്നു.
ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനവാസ് ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കൈക്കു വെട്ടേറ്റ സഹോദരൻ നവാസ് പറവൂരിലെ സ്വകാര്യ ആശുപതിയിലും ചികിത്സയിലാണ്. വാതിലും ജനലും അടിച്ചു തകർത്ത ഗുണ്ടാ സംഘങ്ങൾ വീട്ടിലെ ഗൃഹോപകരണങ്ങളും ജനലുകളുമെല്ലാം തകർത്ത ശേഷമാണു മടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ടു അന്നുതന്നെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേരെയും അഞ്ചു വാഹനങ്ങളും ആലങ്ങാട് പോലീസ് കസ്റ്റുഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്ത അഞ്ചു വാഹനങ്ങളിൽ ഒരെണ്ണം കൃത്യം നടത്താൻ ഉപയോഗിച്ചതാണ്.
Post Your Comments