കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മോഫിയ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനും, ഗാര്‍ഹിക പീഡനത്തിനും ഇരയായെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് സുഹൈലിനും മാതാപിതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണ്‍ (21) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മോഫിയ തൂങ്ങി മരിക്കുകയായിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മോഫിയ. 11 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മോഫിയയുടെയും സുഹൈലിന്റേയും വിവാഹം. വിവാഹത്തിനു പിന്നാലെ സുഹൈലുമായി പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്ഹികപീഡനത്തിന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസ് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് മോഫിയയോടും തങ്ങളോടും പെരുമാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം, സിഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിച്ചിരുന്നു.
Post Your Comments