തിരുവനന്തപുരം : എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നതിവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ സര്‍വ്വകലശാല രജിസ്ട്രാറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ, വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ദിവസമാണ് എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇവര്‍ക്കെതിരെ പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.
Read Also : ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍..!!
എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും.
Post Your Comments