ബംഗളൂരു: പിക്കപ്പ് വാൻ വാങ്ങാനെത്തിയ കർഷകനെ അധിക്ഷേപിച്ച സംഭവത്തിൽ, പുത്തൻ ബൊലേറോ കൈമാറി മഹീന്ദ്ര ഷോറൂം അധികൃതർ. കർഷകന്റെ വീട്ടിലെത്തി നേരിട്ട് മാപ്പ് പറഞ്ഞതിനു ശേഷമാണ് വാഹനം കൈമാറിയത്. 10 ലക്ഷം വിലയുള്ള വാഹനത്തിന്റെ വില ആരാഞ്ഞപ്പോൾ തുംകുരുവിലെ കർഷകനായ കെംപഗൗഡയെ ഷോറും ജീവനക്കാർ പരിഹസിക്കുകയായിരുന്നു. ഇതിനു പിന്നാലെ, മുഴുവൻ പണവുമായി വന്ന് വാഹനം ഉടൻ തന്നെ വേണമെന്ന് കർഷകൻ ആവശ്യപ്പെട്ടുവെങ്കിലും, വണ്ടി ഡെലിവറി ചെയ്യാൻ ജീവനക്കാർക്ക് സാധിച്ചില്ല. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കർഷകനെ അപമാനിച്ചത് വൻ വാർത്തയായതോടെ, മഹേന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സൺ ആനന്ദ് മഹീന്ദ്ര കർഷകനോട് ക്ഷമ ചോദിക്കുകയും ചെയ്തു. പിക്കപ്പ് വാൻ വാങ്ങുന്നതിനായി കെംപെഗൗഡയും 7 കർഷകരും ഷോറൂമിൽ എത്തിയിരുന്നു. ഇവരുടെ വേഷത്തെ കുറിച്ചും ഇത്രയും ആളുകളെ കൂട്ടി വരേണ്ട കാര്യമില്ലെന്നും പറഞ്ഞാണ് ഷോറൂം ജീവനക്കാരൻ അദ്ദേഹത്തെ പരിഹസിച്ചത്. പിന്നീട് അരമണിക്കൂറിനുള്ളിൽ, 10 ലക്ഷം രൂപയുമായി വന്ന് ഗൗഡ വണ്ടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വാഹനം മൂന്നു ദിവസത്തിനുള്ളിൽ വീട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞിട്ടും കർഷകൻ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. തുടർന്ന് പോലീസ് ഇടപെട്ടതിന് ശേഷമാണ് തീരുമാനത്തിൽ നിന്നും പിൻമാറിയത്. തന്നെ അപമാനിച്ച ജീവനക്കാരെ കൊണ്ട് മാപ്പ് പറയിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിപ്പോയത്.
Post Your Comments