തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ വെട്ടിലായി പിണറായി സർക്കാർ. സർക്കാർ തീരുമാനത്തിൽ സി.പി.ഐയും അതൃപ്തി പ്രകടിപ്പിച്ചതോടെ കൂടുതൽ ആശങ്കയിലേയ്ക്ക് നീങ്ങുകയാണ് സർക്കാർ. ഇടതുമുന്നണിയില്‍ത്തന്നെ ഭിന്നത ഉടലെടുത്തതു സി.പി.എമ്മിനും ക്ഷീണമായി. ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എഴുതിയ ലേഖനത്തിനു മറുപടിയുമായി സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ, ഗവര്‍ണര്‍ എന്തു തീരുമാനമെടുത്താലും ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണു സര്‍ക്കാര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നിവേദനം, വിശദീകരണത്തിനായി ഗവര്‍ണര്‍ സര്‍ക്കാരിനയച്ചു.
ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പന്ത് നിലവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ഖാന്റെ കളത്തിലാണ്. അദ്ദേഹം നിരാകരിച്ചാല്‍ വീണ്ടും അയച്ച് ഒപ്പിടാന്‍ നിര്‍ബന്ധിതനാക്കിയേക്കില്ല. പകരം, നിയമസഭയില്‍ ബില്ലായി കൊണ്ടുവന്നാല്‍ മതിയെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. അടുത്തമാസം ബജറ്റ് സമ്മേളനം ചേരേണ്ടതിനാല്‍ ബില്‍ അവതരണത്തിനു കാലതാമസമുണ്ടാവുകയുമില്ല. ഓര്‍ഡിനന്‍സിനെതിരായ പരാതികള്‍ സര്‍ക്കാരിനയച്ചതു നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നു രാജ്‌ഭവന്‍ ചൂണ്ടിക്കാട്ടുന്നു. ലോകായുക്‌ത നിയമം 14-ാം വകുപ്പിലെ വ്യവസ്‌ഥ ഭരണഘടനാവിരുദ്ധമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണു സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്.
Read Also: ദുബായ് എക്‌സ്‌പോ: ജർമ്മൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ഗവര്‍ണര്‍ നാളെ കേരളത്തില്‍ മടങ്ങിയെത്തിയശേഷമേ ഓര്‍ഡിനന്‍സ് പരിശോധിച്ച് തീരുമാനമെടുക്കൂ. മന്ത്രിസഭ അംഗീകരിച്ചശേഷം ഓര്‍ഡിനന്‍സിനെ സി.പി.ഐ. പരസ്യമായി എതിര്‍ത്തതില്‍ സി.പി.എമ്മിനു പ്രതിഷേധമുണ്ട്. എന്നാല്‍, തത്‌കാലം അതു ്രപകടിപ്പിക്കില്ല. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ നിരാകരിച്ചാലേ കൂടുതല്‍ ചര്‍ച്ചകള്‍ക്കു പ്രസക്‌തിയുള്ളൂ. മുഖ്യമന്ത്രി സ്‌ഥലത്തില്ലാതെ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് നിരാകരിച്ചാല്‍ സി.പി.ഐയുടെകൂടി താത്‌പര്യപ്രകാരം നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുക എന്നതാകും തന്ത്രം.
Post Your Comments