ദില്ലി: ഇന്ത്യ പെഗാസസ് വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ തള്ളി. പെഗാസസ് വിവാദത്തിൽ ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരം ആണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതാണെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും മുരളീധരൻ പറഞ്ഞു.
ലോകായുക്തയിൽ നിയമഭേദഗതിയുടെ ആവശ്യം ഇല്ലെന്നും മുരളീധരൻ പ്രതികരിച്ചു. കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരുമ്പോൾ ജനാധിപത്യ വിരുദ്ധമെന്ന് ആരോപിക്കുന്നവർ തിരക്കിട്ട് ഓർഡിനൻസ് ഇറക്കുന്നത് ആരെ സംരക്ഷിക്കാൻ ആണെന്ന് അദ്ദേഹം ചോദിച്ചു.
‘അഴിമതി നിറഞ്ഞ സിപിഐയുടെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്ത് വരുന്നത്. ഇതോടെ സിപിഐഎമ്മിന്റെ തനിനിറം പുറത്ത് വന്നു. കേരളം എല്ലാ കുറ്റങ്ങളും മോദിയുടെ തലയിലാണ് ചാർത്തുന്നത്. കോടിയേരിയുടെ ന്യായീകരണത്തോട് തോന്നുന്നത് സഹതാപം മാത്രമാണ്.’ വി. മുരളീധരൻ പറഞ്ഞു.
‘നിങ്ങൾ നിയമിക്കുന്ന ലോകായുക്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? ഇവർ മോദിയുടെ ചാരന്മാർ ആണെന്നാണോ പറയുന്നത്? ഗവർണർ ബിജെപിയുടെ ശമ്പളക്കാരൻ അല്ല. നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും അദ്ദേഹത്തിനുണ്ട്’ അദ്ദേഹം പറഞ്ഞു.
Post Your Comments