ന്യൂഡൽഹി : ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
പെഗാസസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.
Read Also : അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍, 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍വെയറായ പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments