KeralaLatest NewsNews

അനുമതിയില്ലാതെ കണ്‍വെന്‍ഷന്‍ കേന്ദ്രം: ക്ഷേത്രഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന്

നിയമപരമായി സകല അനുമതിയും നേടിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്നാണ് ഡയറക്ടര്‍മാരുടെ വിശദീകരണം.

പാലക്കാട്: ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് വിവരാവകാശ രേഖ. മണലിയിലാണ് മലബാർ ദേവസ്വം ബോര്‍ഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. ഭൂമിയിലെ ‘കാഡ’ ജലസേചന പദ്ധതി കനാല്‍ മൂടിയതിനൊപ്പം ഒന്നേകാല്‍ ഏക്കറിലധികം നിലവും നികത്തി. വിജിലന്‍സ് അന്വേഷണം തുടങ്ങി.

ശ്രീരാമനാഥപുരം ഗ്രാമ ദേവസ്വത്തിന്റെ മൂന്നേകാല്‍ ഏക്കറിലധികം ഭൂമിയാണ് ദേവസ്വം കമ്മിഷണറിയാതെ പാട്ടത്തിന് നല്‍കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതീര്‍ത്തു. നിര്‍മാണത്തിനിടെ 210 മീറ്റര്‍ നീളവും 4.50 മീറ്റര്‍ വീതിയുമുള്ള കാഡ ജലസേചന പദ്ധതിയുടെ കനാല്‍ നികത്തി.

ഇതോടെ മഴക്കാലത്ത് നാല്‍പ്പതിലധികം വീടുകളിലേക്ക് െവള്ളം കയറുന്ന സ്ഥിതിയായി. ഒന്നേകാല്‍ ഏക്കറിലധികം വരുന്ന പാടവും മൂടി. റവന്യൂ, കൃഷി വകുപ്പുകളുടെ അന്വേഷണത്തില്‍ നിയമലംഘനം വ്യക്തമായെന്ന് വിവരാവകാശ രേഖയിലുണ്ട്. നിയമലംഘനത്തിനൊപ്പം മരുതറോഡ് പഞ്ചായത്തും വിവിധ ഓഫിസുകള്‍ കേന്ദ്രീകരിച്ചും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായ പരാതിയില്‍ വിജിലന്‍സും അന്വേഷണം തുടങ്ങി.

Read Also: സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

നിയമപരമായി സകല അനുമതിയും നേടിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്നാണ് ഡയറക്ടര്‍മാരുടെ വിശദീകരണം. ഓരോ ഘട്ടത്തിലും വിവിധ വകുപ്പുകള്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നതാണ്. അനുമതിയില്ലാതെ ഭൂമി കൈമാറിയതില്‍ ക്ഷേത്ര ഭാരവാഹികളോട് ദേവസ്വം കമ്മിഷണര്‍ വിശദീകരണം തേടി. മറുപടി വൈകുന്നതിനാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button