കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മില്‍ ചേക്കേറിയ ഒ.കെ. വാസുവിന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് തുടരാന്‍ ദേവസ്വം നിയമം മാറ്റാന്‍ നീക്കം. ഇതിനെതിരെ സിപിഎമ്മിനകത്തും സിഐടിയുവിലും പ്രതിഷേധം ശക്തം. ക്ഷേത്ര ജീവനക്കാരായ സിഐടിയുക്കാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും കണ്ണൂരില്‍ നിന്നുളള ചില പ്രമുഖ സിപിഎം നേതാക്കളും ചേര്‍ന്ന് സ്വാധീനം ചെലുത്തി ദേവസ്വം നിയമം പരിഷ്കരിക്കുന്നത്.
വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കി രണ്ടു വര്‍ഷം പിന്നിടുമ്പോഴും പാര്‍ട്ടിക്കോ ദേവസ്വം ജീവനക്കാര്‍ക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്നും ജീവനക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മറ്റി സമര്‍പ്പിച്ച നിയമ പരിഷ്കരണ ബില്ലു പോലും എങ്ങുമെത്താത്ത സ്ഥിതിയാണെന്നും ഒരു വിഭാഗം നേതാക്കളും അണികളും ചൂണ്ടിക്കാട്ടുന്നു. വാസുവിന്റെ ബോര്‍ഡ് അംഗത്വത്തിന്റെ കാലാവധി 16ന് അവസാനിക്കാനിക്കുകയാണ്.
ബോര്‍ഡ് അംഗത്തെ രണ്ടുവട്ടം തുടര്‍ച്ചയായി നാമനിര്‍ദേശം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. ഇതു മറികടക്കാനാണ് നിയമ നിര്‍മാണത്തിന് ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് നിയമ ഭേഗഗതി.സിഐടിയുവിന്റെ എതിര്‍പ്പ് മറികടന്ന് നിയമ ഭേദഗതിയുടെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഭേദഗതി സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
യോഗ്യരായ വ്യക്തികളെ വീണ്ടും ദേവസ്വം ബോര്‍ഡില്‍ തുടരാന്‍ അനുവദിക്കാനാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ ന്യായം. വാസുവിനു വേണ്ടിയാണ് നടപടിയെന്ന് തിരിച്ചറിഞ്ഞ സിഐടിയു ഇതിനെതിരെ ആദ്യ ഘട്ടത്തില്‍ത്തന്നെ ശക്തമായി രംഗത്ത് വന്നിരുന്നു. . എന്നാല്‍ കണ്ണൂരില്‍ നിന്നുളള സിപിഎം നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി പാര്‍ട്ടിയും മുഖ്യമന്ത്രിയും നിയമ ഭേദഗതിയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.
Post Your Comments