ബെയ്ജിംഗ്: പാകിസ്ഥാനുമായുള്ള ബഹിരാകാശ സഹകരണം വർധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ചൈന. വെള്ളിയാഴ്ചയാണ് ചൈന ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയിൽ, പാകിസ്ഥാൻ ബഹിരാകാശ കേന്ദ്രത്തിന്റെ നിർമാണവും കൂടുതൽ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചൈനീസ് സ്റ്റേറ്റ് കൗൺസിൽ “ചൈനയുടെ ബഹിരാകാശ പദ്ധതി : 2021 വീക്ഷണം” എന്ന തലക്കെട്ടിൽ ഒരു ധവള പത്രം പുറത്തിറക്കിയിരുന്നു. ചൈനയുടെ വളർന്നു വരുന്ന ബഹിരാകാശ വ്യവസായത്തിന്റെ ഭാവി വിശദമാക്കിയിട്ടുണ്ടായിരുന്ന ഈ ധവളപത്രത്തിൽ, പാകിസ്ഥാനു വേണ്ടി വാർത്താവിനിമയ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനും പാകിസ്ഥാൻ ബഹിരാകാശ കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നതിനും മുൻഗണന നൽകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്റെ ആദ്യത്തെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ പിആർഎസ്എസ്-1 -ഉം ഒരു ചെറിയ നിരീക്ഷണ ഉപഗ്രഹമായ പാക്ടെസ്-1A -യും വിക്ഷേപിക്കാൻ 2018-ൽ പാകിസ്ഥാനെ സഹായിച്ചത് ചൈനയാണ്. 2019-ൽ, ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട ഒരു കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് തന്നെ, പാകിസ്ഥാനും ചൈനയും തമ്മിൽ ശക്തമായ ബഹിരാകാശ സഹകരണം നിലനിന്നിരുന്നുവെന്ന് വ്യക്തമാണ്.
Post Your Comments