പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘ബ്രോ ഡാഡി’. മോഹൻലാൽ – പൃഥ്വിരാജ് കോമ്പോ പൊളിക്കുമെന്ന് കരുതി സിനിമ കാണാൻ തുടങ്ങിയ പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയത് ‘കുര്യൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലാലു അലക്സ് ആണ്. പെണ്മക്കളുടെ സുഹൃത്തും സഹോദരനുമൊക്കെയായി നിരവധി സിനിമകളിൽ നിറഞ്ഞാടിയ ലാലു അലക്സിന് അത്തരമൊരു കഥാപാത്രത്തെ തന്നെ പൃഥ്വിരാജ് നൽകിയത് യാദൃശ്ചികമല്ല. ഷോ സ്റ്റീലര്‍ ശരിക്കും ലാലു അലക്സ് ആണ്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തിയെങ്കിലും ലാലു അലക്സിന്റെ കുര്യനെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ലാലു അലക്സിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം. സംവിധായകൻ ജോൺ ഡിറ്റോയും അത് തന്നെയാണ് പറയുന്നത്. മക്കളുടെ ‘ചങ്ക് അപ്പൻ’ കഥാപാത്രങ്ങൾക്ക് രഞ്ജി പണിക്കരെക്കൊണ്ട് ന്യൂജെൻകാര് അഡ്ജസ്റ്റ് ചെയ്തു പോയെങ്കിലും ലാലു അലക്സ്, ലാലു അലക്സ് തന്നെ എന്ന് ഡിറ്റോ പറയുന്നു. ബ്രോ ഡാഡിയിലെ യഥാർത്ഥ നായകൻ ലാലു അലക്സ് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ലാലു അലക്സിന്റെ കുര്യൻ എന്ന കഥാപാത്രമില്ലാതിരുന്നെങ്കിൽ ബ്രോ ഡാഡി കണ്ട് പ്രേക്ഷകർ ചത്തുപോയേനെ എന്നും ജോൺ ഡിറ്റോ തന്റെ ഫേസ്‌ബുക്കിൽ എഴുതി.
ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എടോ ലാലു അലക്സേ, എത്ര കാലമായെടോ താങ്കളെയിങ്ങനെ കാണാൻ തുടങ്ങിയിട്ട്. വിറയലുള്ള ആ തൊണ്ടയിൽ നിന്ന് വീഴുന്ന ഓരോ വാക്കിലും ഞങ്ങൾ കുട്ടികൾ ഭയന്നിരുന്നു. അന്ന് താങ്കൾ വില്ലനായിരുന്നു. ഇന്നിതാ രണ്ട് താരങ്ങളെ മലർത്തിയടിച്ച്നി ങ്ങൾ “ബ്രോ ഡാഡി “യെന്ന നായകനാകുന്നു. ഒരു പെൺകുട്ടിയുടെ അച്ഛനായ എനിക്ക് കണ്ണീരടക്കാനായില്ല ലാലു അലക്സിന്റെ ആ അച്ഛന്റെ നിസ്സഹായതയിൽ. എല്ലാ വീടുകളിലേയും യഥാർത്ഥ പൊട്ടൻ ആ വീട്ടിലെ അപ്പനാണ്. എല്ലാം ചെയ്തു കൊണ്ടിരിക്കും . ഒന്നും അറിയുകയുമില്ല. ഒറ്റയ്ക്ക് ഏതെങ്കിലും ബാറിന്റെ മൂലയിൽ രണ്ടു പെഗ്ഗുമായി ഒരാൾ ഇരിക്കുന്നെങ്കിൽ അയാൾ ഒരു കുടുംബനാഥനായിരിക്കും. ഈ ഏകാന്തതകളാണ് അയാളെ പിന്നെയും ആ വിധം തുടരാൻ തുണയാകുന്നത്.
ഈ സിനിമയിൽ കോമഡി വർക്ക്ഔട്ടായില്ലെങ്കിലും കുര്യച്ചനെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിഞ്ഞു. സംവിധാനം പൃഥ്വിരാജിന് നന്നായി വഴങ്ങുന്നുണ്ട്. അഭിനയത്തിൽ തീരെ വളർച്ച രേഖപ്പെടുത്തുന്നില്ല. മുഖത്ത് ഭാവം മാറി വരുന്നില്ല രാജുവേയ്. സൈജു കുറുപ്പ് നേടുന്ന വളർച്ചയുടെ കാൽഭാഗം പോലും നേടാനാവുന്നില്ല. ലാലേട്ടന്റെ അവസ്ഥ തീരെ ദയനീയമാണ്. ഒടിയനു മുമ്പുള്ള ഒരു ലാലേട്ടനുണ്ട് മനസ്സിൽ. അതെവിടെയോ പോയി. മീനയും ലാലേട്ടനും തമ്മിലുള്ള പ്രേമരംഗങ്ങൾ അരോചകമാണ്. പാട്ടുകളും തീരെ നിലവാരം കുറഞ്ഞതാണ്. പ്രിയദർശന്റെ മകൾ കല്യാണിയുടെ പ്രകടനം സിനിമയുടെ പേസ് നിലനിർത്താനുപകരിച്ചു. മോഹൻലാലിന്റെ ഭാര്യയും മകൻ പൃഥ്വിരാജിന്റെ
ലിവിങ്ങ് ടുഗദർ പാർട്ട്ണറും ഒരേ സമയം ഗർഭിണിയാകുന്നു. രണ്ടു പേരുടേയും പേരുമൊന്ന്. അന്ന. ഭയങ്കര പുതുമയുള്ള പ്രമേയമാണ്. രഞ്ജി പണിക്കരെക്കൊണ്ട് ന്യൂജെൻകാര് അഡ്ജസ്റ്റ് ചെയ്തു പോയെങ്കിലും ലാലു അലക്സ് ലാലു അലക്സ് തന്നെ. നമ്മുടെയൊക്കെ ഉള്ളിൽ നിന്ന് പുറത്തുചാടിയ കഥാപാത്രം. ഈ കഥാപാത്രമില്ലാതിരുന്നെങ്കിൽ ബ്രോഡാഡി കണ്ട് പ്രേക്ഷകർ ചത്തുപോയേനെ.
Post Your Comments