KeralaLatest NewsNews

സിൽവർ ലൈൻ: കേരളം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പുറത്ത്: അതിവേഗ തീവണ്ടിപ്പാത പരിഗണിക്കാത്തത് ഭാരിച്ച ചിലവ് കാരണം

പദ്ധതി പൂർത്തിയാക്കാൻ ഓരോ വർഷം വൈകുന്തോറും നിർമ്മാണ ചിലവ് 5 ശതമാനം വർദ്ധിക്കും. നിലവിലെ സാഹചര്യത്തിൽ 2026 ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ.

ദില്ലി: കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് നൽകിയ വിശദീകരണ റിപ്പോർട്ട് പുറത്ത്. കെ റെയിലിന് പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാകുമെന്ന പ്രതീക്ഷ ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേരളം വിശദീകരണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിഎംആർസി നടത്തിയ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യാത്രക്കാരാകാൻ സാധ്യതയുള്ളവരുടെ എണ്ണം കണക്കാക്കിയത്. ഈ കണക്കിൽ ഹൃസ്വദൂര ട്രെയിൻ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേരളം വിശദീകരിച്ചു.

Also read: മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ

ഡിഎംആർസി നടത്തിയ പഠനം പ്രകാരം കേരളത്തിൽ അതിവേഗ തീവണ്ടിയിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ ഉണ്ടായേക്കും. എന്നാൽ പ്രോജക്ട് റിപ്പോർട്ടിൽ തങ്ങൾ 79,000 ആൾക്കാരെ മാത്രമേ ഉൾപെടുത്തുന്നുള്ളു എന്നും കേരളം വ്യക്തമാക്കി. കെ റെയിൽ പദ്ധതിക്കായി കേരളം ആദ്യം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചപ്പോൾ, 79,000 യാത്രക്കാർ എന്ന പ്രതീക്ഷ ശുഭാപ്തി വിശ്വാസം മാത്രമല്ലേയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സംശയം പ്രകടിപ്പിച്ചിരുന്നു. വിശദീകരണ റിപ്പോർട്ടിൽ ഈ സംശയത്തെ ഖണ്ഡിക്കാൻ കേരളം ഡിഎംആർസിയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തുകയായിരുന്നു.

സിൽവർ ലൈനിന് പകരം എന്തുകൊണ്ട് ഒരു അതിവേഗ തീവണ്ടിപ്പാത പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന്, അതിവേഗ തീവണ്ടിപ്പാത തെരഞ്ഞെടുക്കാതിരുന്നത് ഭാരിച്ച ചിലവ് കാരണമാണെന്ന് സംസ്ഥാനം വ്യക്തമാക്കി. അതിവേഗ തീവണ്ടിപ്പാതയുടെ നിർമ്മാണത്തിന് ഒരു കിലോമീറ്ററിനായി 210 കോടി രൂപ വേണ്ടിവരുമ്പോൾ, സെമി ഹൈസ്പീഡിന് ഒരു കിലോമീറ്ററിനായി 120 കോടി മതിയാകുമെന്നും കേരളം വാദിക്കുന്നു. പദ്ധതി വൈകുന്നതിനാൽ ചിലവ് തുടർന്നും വര്‍ദ്ധിച്ചേക്കാമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

69,000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തീകരിക്കാനാകുമോ എന്ന കേന്ദ്രത്തിന്റെ സംശയത്തിന്, ഓരോ വർഷം വൈകുന്തോറും നിർമ്മാണ ചിലവ് 5 ശതമാനം വർദ്ധിക്കുമെന്ന് സംസ്ഥാനം മറുപടി നൽകി. നിലവിലെ സാഹചര്യത്തിൽ 2026 ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ എന്നും കേരളം പറഞ്ഞു. അധികച്ചിലവ് ഉണ്ടായാൽ അത് സംസ്ഥാനം വഹിക്കുമെന്നും സർക്കാർ കേന്ദ്രത്തിന് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button