ഇടുക്കി: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ. രാജയെ വിജയിപ്പിക്കാൻ എസ്. രാജേന്ദ്രൻ പരിശ്രമിച്ചില്ലെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടത്തിയെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ്. രാജേന്ദ്രനെ തത്കാലത്തേക്ക് പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശുപാർശ നൽകിയത്.
എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു. ‘ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. എന്നെ പാർട്ടി അംഗത്വത്തിൽ എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു’ എസ്. രാജേന്ദ്രൻ പറഞ്ഞു. സിപിഐയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജാതിയുടെ പേരിൽ അറിയപ്പെടാനും നേതൃപദവിയിൽ ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. അത് പാർട്ടിയിൽ തുറന്ന് പറഞ്ഞിരുന്നു. അങ്ങനെ ആണെന്ന് കണ്ടെത്തിയത് കൊണ്ടാകാം പാർട്ടി നടപടി എടുത്തത്’ എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments