പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ച് സാമൂഹ്യപ്രവർത്തകർ ശ്രീജ നെയ്യാറ്റിൻകര. ഹിന്ദുത്വ ഭരണം നടത്തുന്ന രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് റിപ്പബ്ലിക് ദിനത്തിലെ ഒരു ഫാസിസ്റ്റ് വിരുദ്ധ ഇടപെടൽ വാർത്ത പ്രതീക്ഷ പകർന്നതെന്ന് ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കി. ഫാസിസ്റ്റ് ഭരണകൂടം വച്ചു നീട്ടുന്ന പുരസ്കാരങ്ങൾ നിരസിക്കാൻ ശേഷിയും ആർജ്ജവവുമുള്ള രാഷ്ട്രീയ നേതാവും രാഷ്ട്രീയ പാർട്ടിയും ഈ രാജ്യത്തുണ്ട് എന്ന് കേൾക്കുന്നത് തന്നെയാണ് ഈ റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സന്തോഷമെന്നും ഇവർ പറയുന്നു.
‘മുൻ ബംഗാൾ മുഖ്യമന്ത്രിയും സി പി ഐ എം മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചു കൊണ്ട് പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടം വച്ചു നീട്ടുന്ന പുരസ്കാരങ്ങൾ നിരസിക്കാൻ ശേഷിയും ആർജ്ജവവുമുള്ള രാഷ്ട്രീയ നേതാവും രാഷ്ട്രീയ പാർട്ടിയും ഈ രാജ്യത്തുണ്ട് എന്ന് കേൾക്കുന്നത് തന്നെയാണ് ഈ റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സന്തോഷം. രാഷ്ട്രീയ മൂല്യമുള്ള തീരുമാനമാണ് സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ താങ്കളുടേതും താങ്കളുടെ പാർട്ടിയുടേതും. സംഘ പരിവാർ ആശയങ്ങൾ പിൻപറ്റുന്നവർ ഒഴികെയുള്ള എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ’, ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കി.
അതേസമയം, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ബുദ്ധദേബ് ഭട്ടാചാര്യ പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച കാര്യം അറിയിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് പദ്മ പുരസ്കാരം നിരസിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തത്. പദ്‌മഭൂഷൺ പുരസ്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരും തന്നോട് ഇതിനെകുറിച്ച് സംസാരിച്ചിട്ടില്ലെന്നും ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. ഇനി അഥവാ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് നിരസിക്കുകയാണെന്നും ബുദ്ധദേബ് ഭട്ടാചാര്യ കൂട്ടിച്ചേർത്തു. എന്നാൽ പുരസ്കാരം നിരസിക്കുന്നതിന് വ്യക്തമായ കാരണം ബുദ്ധദേബ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments