കോഴിക്കോട്: കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായി ആരോപിച്ചുള്ള യുവാവിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും ഓച്ചിറ സി.ഐ വിനോദില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നത്. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് പോലീസ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ആരോപണം.
സംഭവത്തില്‍ ആരോപണം നേരിട്ട ഓച്ചിറ സിഐ വിനോദ് മുമ്പ് കുറ്റ്യാടിയില്‍ പള്ളി ജീവനക്കാരന്‍ അടക്കമുള്ളവരെ മര്‍ദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2020ലെ ബലിപെരുന്നാള്‍ ദിവസം, വിശ്വാസികള്‍ നമസ്‌കാരത്തിന് എത്താതെ കോവിഡ് ലോക്ക്ഡൗണ്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പള്ളിയിലെത്തിയ ഭാരവാഹികളെ സിഐ വിനോദ് പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പള്ളി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഈ സമയത്ത് അതുവഴി വന്ന സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗെയ്റ്റില്‍ വാഹനം നിര്‍ത്തി കേട്ടാലറക്കുന്ന അസഭ്യവര്‍ഷത്തോടെ പള്ളി പരിസരത്തുണ്ടായിരുന്ന മുക്രി സുലൈമാന്‍ മുസ്‌ലിയാരെയും മുതവല്ലി ഷരീഫിനെയും ക്രൂരമായി മര്‍ദിച്ചെന്നും കുറ്റ്യാടി ഏരിയ മഹല്ല് ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. സിപിഎം പ്രാദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടര്‍ന്ന് സിഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Post Your Comments