COVID 19ThrissurKeralaLatest NewsNews

സിപിഎം സമ്മേളനം നടത്തുന്നത് ‘ശാസ്ത്രീയ രീതിയിൽ’ ആണെന്ന് എം.എ ബേബി

എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും പാടില്ല എന്ന നിലപാട് ശരിയല്ല. ശാരീരിക അകലം പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. സിപിഎം മാസ്ക് നിഷ്കർഷിച്ച്, അകലം പാലിച്ചാണ് സമ്മേളനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും പാടില്ല എന്ന നിലപാട് ശരിയല്ല. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയമായ പരിഹാരം. ശാരീരിക അകലം പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് എം.എ ബേബി അവകാശപ്പെട്ടു.

കൊവിഡിൽ കേരളം മുങ്ങുമ്പോഴും, സംസ്ഥാനം ജില്ലാ അടിസ്ഥനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോഴും കാസർക്കോട്ടും തൃശ്ശൂരിലും ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയാണ് സിപിഎം. വിമർശനങ്ങൾ ഉയരുമ്പോഴും സിപിഎം ജില്ലാ നേതൃത്വങ്ങൾ സമ്മേളനങ്ങൾ നടത്തുന്നതിൽ നിന്ന് പിന്മാറുന്നില്ല. 185 പേരാണ് കാസർക്കോട്ടെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശ്ശൂരിൽ 175 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിനിധി സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയേറെ ആൾക്കാരെ സംഘടിപ്പിച്ചുകൊണ്ട് പാർട്ടി സമ്മേളനങ്ങൾ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ അറിയിച്ചു.

Also read : മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ: എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ലോക്ക്ഡൗൺ പാലിക്കേണ്ട ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനത്തിന് മാറ്റം ഇല്ലെന്നും, ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെ ആകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും, സമ്മേളനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അതിനിടെ, കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദമായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിൽ റിപ്പോർട്ട് ചെയ്ത കാസർക്കോട്ട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവ് രണ്ട് മണിക്കൂറിനകം ജില്ലാ കളക്ടർ പിൻവലിക്കുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചത് എന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദം ഉണ്ടായില്ലെന്നും, പ്രോട്ടോക്കോൾ മാറിയതുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നും കളക്ടർ വ്യക്തമാക്കി.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിലും വിമർശനങ്ങളിലും കഴമ്പുണ്ടോയെന്ന് എൽഡിഎഫ് പരിശോധിക്കുമെന്നും എം.എ ബേബി പറഞ്ഞു. എല്ലാ ആശങ്കകളും പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button