COVID 19NattuvarthaLatest NewsKeralaNewsIndia

എല്ലാത്തിനും കാരണഭൂതനായ അങ്ങ് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചത് ഒരു കിറുക്കനെയായിരുന്നല്ലേ: മുഖ്യന് കത്തയച്ച് സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് കത്തയച്ച് കെ സുധാകരൻ. എല്ലാത്തിനും കാരണഭൂതനായ അങ്ങ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് തുടങ്ങുന്ന സുധാകരന്റെ കത്ത് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും പരിഹസിച്ചു കൊണ്ടുള്ളതാണ്.

Also Read:വ്യവസായ സൗഹൃദ കേരളത്തിൽ വ്യവസായം തുടങ്ങാൻ കൈക്കൂലി: പ്രവാസി യുവതിക്ക് നേരിടേണ്ടിവന്നത് ദുരവസ്ഥ

‘അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയവിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്’, സുധാകരന്റെ കത്തിൽ പറയുന്നു.

കത്തിന്റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കളുടെ ശ്രദ്ധയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അയക്കുന്ന കത്ത്

‘ആശുപത്രിയിലാണ്, സുഖമായിരിക്കുന്നു’

കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്ബോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയവിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേര്‍ക്കത്’ മനസ്സിലായില്ലെന്നു തോന്നുന്നു.

ഐബി സതീഷും ടിഎന്‍ സീമയും ഉള്‍പ്പെയെ നേതാക്കളും കിടപ്പിലായി. തിരുവാതിരക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘അമേരിക്കയില്‍’ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പൊലീസിനും ‘സുഖമാണ്’ എന്നറിയുമല്ലോ. കാരണം ഇപ്പോള്‍ കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ നിങ്ങളുടെ ഗുണ്ടകള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തില്‍ ഗുണ്ടകള്‍ പോലും എത്ര മാന്യന്മാര്‍!

അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്‌നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ കടുത്ത ജാഗ്രത വേണമെന്ന് വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ഇനിയിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകഴിഞ്ഞാല്‍ ഇന്ത്യയാകെ പടരുമല്ലോ!

പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റെയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതികാലത്ത് അങ്ങയാണല്ലോ ഞങ്ങളെ പോറ്റിവളര്‍ത്തിയ കാരണഭൂതന്‍. അതുകൊണ്ടുതന്നെ അമേരിക്കയില്‍ സുഖമായിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ!

വിശ്വാസപൂര്‍വം

കെ സുധാകരന്‍ എംപി

പ്രസിഡന്റ്,

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button