KeralaLatest NewsNews

പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം : കെ.മുരളീധരന്‍

തിരുവനന്തപുരം : പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രതിപക്ഷത്തെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രതികരണം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും ഇതുവരെ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും മുരളീധരന്‍ പറഞ്ഞു.

Read Also : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്

‘ ഇതുവരെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചര്‍ച്ച കൊണ്ടുവന്നതിന്റെ പിന്നില്‍ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട. കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ പച്ചയ്ക്കു വര്‍ഗീയത പറയുന്നത് ശരിയല്ല ‘ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

‘അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കണമെന്ന് കേരളത്തിലെ സിപിഎം ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. അതിനോടൊപ്പം ഈ രഹസ്യ അജണ്ടയുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് തങ്ങള്‍ ആക്കുന്നു എന്ന് വരുത്തി പാര്‍ട്ടിയില്‍ അംഗീകാരം നേടാനും പൊതുചര്‍ച്ചയാക്കാനുമുള്ള ഗൂഢലക്ഷ്യമാണിത്. ഇത് കേരളത്തില്‍ ചെലവാകില്ല’ മുരളീധരന്‍ പറഞ്ഞു.

‘ പച്ചയ്ക്ക് വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ട്. അത് നരേന്ദ്രമോദി ആയാലും കോടിയേരി ബാലകൃഷ്ണന്‍ ആയാലും, എല്ലാവര്‍ക്കും ബാധകമാണ്. പക്ഷെ ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് പൊലീസിനെയും നിയമത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ലംഘിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കോടിയേരിയുടെ പ്രസ്താവനയെയും കാണുന്നത്. പിണറായി-കോടിയേരി അജണ്ട നടപ്പാകാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ മതേതരത്വത്തിന് സര്‍ട്ടിഫിക്കറ്റ് തരാന്‍ കോടിയേരി വരണ്ട, കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അതിനുള്ള യോഗ്യതയുമില്ല. കോണ്‍ഗ്രസിന്റെ മതേതരത്വ മുഖം നഷ്ടപ്പെടുത്താന്‍ ആയിരം കോടിയേരിമാര്‍ വന്നാലും കഴിയില്ല’ മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button