Latest NewsKeralaNews

താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അറപ്പ് മാറി, അതിനുള്ള തെളിവാണ് സുരേഷ് ഗോപിയുടെ വിജയം: കെ മുരളീധരന്‍

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവം കൊണ്ടു മാത്രം ലഭിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള അറപ്പ് മാറിക്കിട്ടിയെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നുള്ള സൂചനയെന്നും അദ്ദേഹം പറഞ്ഞു.

Read Also: കെജിഎഫില്‍  സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

യുഡിഎഫിന് എന്തുകൊണ്ടാണ് വോട്ട് ചോര്‍ന്നതെന്ന് മനസിലാക്കണം. ആ ചോര്‍ച്ച അടയ്ക്കാനുള്ള മുന്‍കൈ യുഡിഎഫ് സ്വീകരിക്കണം. സുരേഷ് ഗോപിയുടേത് വെറുമൊരു ഫിലിം സ്റ്റാറിന്റെ വിജയമായി കാണരുത്. അങ്ങനെയാണെങ്കില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത രാജീവ് ചന്ദ്രശേഖറിന് ഇത്രയും വോട്ട് എങ്ങനെ ലഭിച്ചു.

‘ആലത്തൂരിലും വടകരയിലും ബിജെപി നല്ല രീതിയില്‍ വോട്ട് നേടി. ഇതിനെയൊന്നും ആരും ചെറുതായി കാണരുത്. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അറപ്പ് മാറി. ബിജെപിയുടെ വളര്‍ച്ച യുഡിഎഫിനും എല്‍ഡിഎഫിനും കേരളത്തില്‍ ഭീഷണിയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും നിലനില്‍ക്കേണ്ടത് കേരളത്തിന്റെ നന്മക്ക് ആവശ്യമായ കാര്യമാണ്. ഇതില്‍ രണ്ടിലൊരു പക്ഷം ദുര്‍ബലമായാല്‍, അവിടെ ബിജെപി കേറും. ഇത്തവണത്തെ ഇലക്ഷനില്‍ കേരളത്തില്‍ ബിജെപി കയറി വരുന്നതായി കാണാന്‍ കഴിഞ്ഞു’.

‘തൃശൂര്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞു. ഏതാണ്ട്, കിട്ടുമെന്നായ തിരുവനന്തപുരമാണ് അവര്‍ക്ക് നഷ്ടമായത്. സുരേഷ് ഗോപി തൃശൂരിന് വേണ്ടി 5 വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, രാജീവ് ചന്ദ്രശേഖര്‍ ഒരു മാസം കൊണ്ടാണ് ഇത്രയും വോട്ട് നേടിയത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ആയപ്പോഴാണ് പലരും അയാള്‍ മലയാളി ആണെന്ന് പോലും അറിഞ്ഞത്. ഭാഷയിലും അയാള്‍ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എങ്കില്‍ പോലും അദ്ദേഹം നല്ലരീതിയില്‍ പ്രചാരണം നടത്തി’, കെ മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button