കോഴിക്കോട്: ഒമിക്രോണ്‍ വ്യാപന നിരക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ തേജ്‌ലോഹിത് റെഡ്ഢി. കഴിഞ്ഞ ദിവസം കോഴിക്കോട് വിവിധ സ്വകാര്യ ആശുപത്രികളിലായെത്തിയ 40 കൊവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ലെന്നും പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കുമെന്നും കളക്ടർ അറിയിച്ചു. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്നും ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
പൊതു ഗതാഗതങ്ങളില്‍ തിരക്കുക്കൂട്ടി യാത്രചെയ്യുന്നതും ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി ശക്തമായ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. നിലവിൽ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. കൂടാതെ ഒമിക്രോണ്‍ സമൂഹവ്യാപനം ജില്ലയില്‍ സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments