
കോഴിക്കോട്: കേരളാ പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവയിൽ വ്യക്തത വന്നിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ. ആഭ്യന്തര വകുപ്പ് പൂർണമായും സംഘ്പരിവാറിന് കീഴ്പ്പെട്ടുവെന്ന് പോപുലർ ഫ്രണ്ട് കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.
ആർഎസ്എസിന് പാദസേവ നടത്തുന്ന തരത്തിലേക്ക് കേരളാ പോലീസിനെ എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്തം കഴിഞ്ഞ ആറുവർഷമായി ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയനാണെന്നും കോടിയേരിയുടെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. കേരളാ പോലീസിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സംഘ്പരിവാരത്തിന്റെ ചട്ടുകമായി പോലീസ്സേന അധഃപതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments