ഡൽഹി: ഇന്ന് ഡൽഹിയിൽ നടന്ന കരസേനാ ദിനാഘോഷത്തിൽ, സൈനികർക്കായുള്ള പുതിയ യൂണിഫോം പുറത്തിറക്കി. പുതിയ യൂണിഫോം ധരിച്ച് ഡൽഹി കന്റോൺമെന്റിൽ പരേഡ് ചെയ്ത പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു.
15 ജനുവരി 1949നാണ് ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയി ഫീൽഡ് മാർഷൽ കെ.എം കരിയപ്പ സ്ഥാനമേറ്റത്. അന്നു മുതൽ, 15 ഇന്ത്യൻ കരസേനാ ദിനമായി ആചരിക്കുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സൈന്യവും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയും സംയുക്തമായി നിർമ്മിക്കുന്ന ഈ യൂണിഫോം, വിവിധ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായതും ഭാരക്കുറവുള്ളതുമായിരിക്കും.
മണ്ണിന്റെയും ഒലിവിന്റെയും മിശ്രിതനിറത്തിൽ, യു.എസ് ആർമിയുടേത് പോലെ ഡിജിറ്റൽ പാറ്റേണിലെ ഡിസൈനിലാണ് ഇതു തയ്യാർ ചെയ്തിരിക്കുന്നത്. ടക്ക് ഇൻ ചെയ്യേണ്ട എന്നതാണ് പുതിയ യൂണിഫോമിന്റെ മറ്റൊരു പ്രത്യേകത. സ്ത്രീകളെയും കൂടി പുതുതായി സൈന്യത്തിൽ ഉൾപ്പെടുന്നതിനാൽ അവരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.
കരസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആശംസകൾ നേർന്നു. ധൈര്യത്തിന്റെയും പ്രവർത്തനക്ഷമതയുടേയും കാര്യത്തിൽ പുകൾപെറ്റ സൈന്യമാണ് ഇന്ത്യയുടേത് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രപതി, പ്രതിരോധമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖരും ഇന്ത്യൻ സൈന്യത്തിന് ആശംസകൾ നേർന്നു.
Post Your Comments