കണ്ണൂർ: കാർ മാത്രം ഓടിക്കാൻ അറിയാവുന്ന ആൾക്ക് ബസ് ഡ്രൈവറുടെ യൂണിഫോം ധരിക്കാതെ ബസ് ഓടിച്ചതിന് പിഴയടക്കാൻ നോട്ടീസെത്തി. പി.ഡബ്ള്യു.ഡി. കോൺട്രാക്ടർ മേലെ ചൊവ്വയിലെ വെള്ളച്ചേരി ഹൗസിൽ കെ.വി. സജിത്തിനാണ് തലശ്ശേരി ട്രാഫിക് പോലീസ് 250 രൂപ പിഴ ചുമത്തിയത്.
കാറാണ് സജിത്ത് ഉപയോഗിക്കുന്നത്. 250 രൂപ പിഴയടയ്ക്കാൻ കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ സന്ദേശം വന്നു. തുടർന്ന് കേരള പോലീസിന്റെ ചലാൻ പകർപ്പ് പരിശോധിച്ചപ്പോഴാണ് ട്രാഫിക് പോലീസിന്റെ ‘കാര്യക്ഷമത’ വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചത്.
ബസിന്റെ ചിത്രവും സജിത്തിന്റെ കാർ നമ്പറും കാണിക്കുന്ന ചലാനിൽ നിയമലംഘനം നടത്തിയതായി പറയുന്നു. യൂണിഫോം ധരിക്കാതെ ബസ് ഓടിച്ചുവെന്നാണ് കേസ്. പിഴ ചുമത്തിയ എസ്.ഐ.യുടെ പേരും ചലാനിൽ വ്യക്തമായിയുണ്ട്.പോലീസിന്റെ തെറ്റായ നടപടിക്കെതിരേ സിറ്റി പോലീസ് കമ്മിഷണർക്ക് സജിത്ത് പരാതിയും നൽകി.
തനിക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ അറിയില്ലെന്നും അതിന്റെ ലൈസൻസില്ലെന്നും തെളിവ് നിരത്തിയതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. ഇതോടെ സംഭവം കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റൊരാൾക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകരുതെന്നതിനാലാണ് പരാതി നൽകിയതെന്ന് സജിത്ത് പറയുന്നു.
Post Your Comments