കേരള പോലീസിനെതിരെ കടുത്ത വിമർശനമാണ് അടുത്ത കാലങ്ങളായി ഉയരുന്നത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ പ്രതികൾക്ക് മുന്നിൽ മുട്ട് വളച്ച് നിൽക്കുകയാണ് പോലീസ് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. കേസിലെ രണ്ടാം പ്രതിയെ ഇയാളുടെ അച്ഛൻ പോലീസ് സ്റ്റേഷനിലെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവിധ കോണിൽ നിന്നും പിണറായി പോലീസിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് വെച്ച് അവർക്ക് മുന്നിൽ ഇങ്ങനെ മുട്ട് വളച്ച് പോലീസ് നിൽക്കരുതെന്ന് സനീഷ് ഇളയടത്ത് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പിണറായി വിജയന്റെ പോലീസ് ദുരന്തമാണ് എന്ന് പരിഹസിച്ച സനീഷ്, പൊലീസ് ക്രിമിനലുകളോട് ക്രിമിനലുകള്‍ എന്ന പോലെ തന്നെ പെരുമാറണമെന്നും ആവശ്യപ്പെടുന്നു.
സനീഷ് ഇളയടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പിണറായി വിജയന്റെ പൊലീസ് ദുരന്തമാണ് എന്ന് അഭിപ്രായമുള്ളയാളാണ് ഞാന്‍. കൊലയാളിയുടെ അച്ഛന് സ്റ്റേഷനില്‍ പൊലീസ് കൊടുത്ത സ്വാതന്ത്ര്യം കണ്ടപ്പോള്‍ അത് കൂടുതല്‍ ഉറച്ചു.21 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ്. അയാളെ സറ്റേഷനിലെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയാണ് അച്ഛന്‍. അപ്പുറത്ത് പൊലീസുകാര് അതിന് അവസരം ഒരുക്കിയിട്ട് കൈ കെട്ടി നില്‍ക്കുന്നു. പേടിക്കണ്ടടാ മോനേ , നിന്നെ രക്ഷപ്പെടുത്തിക്കോളാം എന്നല്ലേ അയാള് പ്രതിയോട് സ്‌റ്റേഷനില്‍ വെച്ച് പറയുന്നുണ്ടാവുക.
എന്ത് നിന്ദ്യമായ സംഗതിയാണിത്. എന്ത ധാരണയാണ് പൊതുസമൂഹത്തിന് ഇതില്‍ നിന്ന് പൊലീസിനെ കുറിച്ച് കിട്ടുക. പ്രതികള്‍ക്ക് രാഷ്ട്രീയസ്വാധീനമൊക്കെ കാണും, എന്ന് വെച്ച് ഇത്ര മുട്ട് വളച്ച് നില്‍ക്കരുത് പൊലീസ്. ഗൗരവം മനസ്സിലായില്ലെങ്കില്‍ ,ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി കൊടി സുനിയെ അയാളുടെ അച്ഛന്‍ വന്ന് സ്റ്റേഷനില്‍ വെച്ച് കെട്ടിപ്പിടിച്ച് ആശ്വസിക്കുന്ന ഒരു സാഹചര്യം ഒന്നോര്‍ത്ത് നോക്കൂ. പൊലീസ് ക്രിമിനലുകളോട് ക്രിമിനലുകള്‍ എന്ന പോലെ തന്നെ പെരുമാറണം. ഇങ്ങനെയല്ല വേണ്ടത്.
Post Your Comments