കൊച്ചി: കുറച്ചു മണിക്കൂറുകളായി ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത് മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ അടക്കപ്പെട്ട യുക്തിവാദി അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ ഒരു കത്ത് സുഹൃത്ത് പങ്കുവെച്ചതാണ്. അതിൽ നിരവധി വധഭീഷണികൾക്കിടയിലും ആക്രമണങ്ങൾക്കിടയിലും താൻ അകപ്പെട്ടിരിക്കുമ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തന്നെ അന്വേഷിച്ചു ജയിലിൽ എത്തിയതും തനിക്കായി ഇടപെടൽ നടത്തുന്നതും വലിയ പ്രതീക്ഷയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പരാമർശിച്ചിരിക്കുന്നത്.
എക്സ് മുസ്‌ലിം ആയ അബ്ദുൽ ഖാദർ പുതിയങ്ങാടി ഇസ്‌ലാമിനെ അപമാനിച്ചു പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് ദുബായ് ജയിലിൽ ഉള്ളത്. ഇദ്ദേഹത്തെ കുടുക്കിയത് മലയാളികളായ മുസ്ലീങ്ങൾ തന്നെയാണെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ സദാ ഹിന്ദു ദൈവങ്ങളെയും ക്രിസ്ത്യൻ വിശ്വാസത്തെയും അപമാനിച്ചിട്ടും ഈ അവസ്ഥ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. ഫിറോസ് ബാബു നിലമ്പൂർ എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ആണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ഏപ്രിൽ 22 മുതൽ ഞാൻ ജയിലിൽ ആണ്. ആദ്യ വിധിയിൽ മൂന്ന് വർഷം ശിക്ഷ വിധിച്ചു. അപ്പീൽ കോർട്ട്ൽ ജയിലിൽ ലൈബ്രറിയിൽ നിന്ന് കിട്ടിയ ‘ ബുലൂഗ് അൽ മറാം ‘ എന്ന ഹദീസ് ഗ്രന്ഥം ഉയർത്തിക്കാട്ടി ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്നും വേണമെങ്കിൽ ഈ പുസ്തകം പരിശോധിച്ചു എന്നും പറഞ്ഞു. വിധി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും എന്ത് വിധിയാണെന്ന് എനിക്ക് തന്നെ അറിയാത്തതിനാൽ 2023 ആഗസ്റ്റ് മാസം പുറത്തിറങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്നെ കാണാൻ വന്നു. തുടർച്ചയായി മൂന്നാഴ്ച കാണാൻ വന്നിട്ടുണ്ട്. മതതീവ്രവാദികൾ ആയ ജയിൽ വാസികളുടെ ഇടയിൽ ആണ് , അതായത് ‘പുറത്തായിരുന്നു എങ്കിൽ നിന്നെ കത്തിച്ചേനെ.. ‘ എന്ന് എന്റെ മുഖത്തുനോക്കി പറയാത്ത മുസ്ലിങ്ങൾ വളരെ കുറവായിരുന്നു. ഒരുവട്ടം എന്റെ കണ്ണും മൂക്കും ഒരുത്തൻ പൊട്ടിക്കുക തന്നെ ചെയ്തു!
ചോരയൊലിപ്പിച്ച് നിൽക്കുന്ന എന്നെ പോലീസ് അവഗണിച്ചു, കാരണം ഞാൻ മതനിന്ദകൻ ആണല്ലോ?
അഫ്ഗാനികളും പാകിസ്ഥാനികളും അവരെക്കാളും വലിയ മതഭ്രാന്തന്മാർ ആയ മലയാളികളും അറബികളും അടങ്ങിയ കൊലപാതകികളുടെയും കൊള്ളക്കാരുടെയും ബലാൽസംഗങ്ങളും പെണ്ണ് കച്ചവടക്കാരുടെയും കൂടെ അവരുടെ ഭീഷണികൾ ഏറ്റുവാങ്ങാൻ മാത്രം ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്! അപ്പോഴാണ് ഒരു ബംഗ്ലാദേശി ‘ബുലൂഗ് അൽ മറാം ‘ എന്ന ഹാഫിസ് ഇബ്നു ഹജറു അസ്കലാനി യുടെ പുസ്തകം എനിക്ക് കാണിക്കുന്നത്.
നമ്മുടെ നാട്ടിലെ മുസ്ലിം മത സ്ഥാപനങ്ങളിൽ അത് പഠിപ്പിക്കുന്നുണ്ട്. സൗദി സർക്കാരിന്റെ ദാറുസ്സലാം എന്ന പ്രസാധകർ പ്രസിദ്ധീകരിച്ച അതിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ ‘ മൂർത്തദ് ‘ എന്ന ഭാഗത്ത് ഒരു അന്ധനായ സഹാബി തന്റെ കുട്ടിയെ പ്രസവിച്ച അടിമയെ നബിയെ കുറ്റം പറഞ്ഞതിന് പിക്കാക്സ് എടുത്ത് വയറ്റിൽ കൊത്തി ഒന്നു കോർത്തെടുത്ത ഹദീസ് ഉണ്ട്.
എന്നെയും അതുപോലെ കോർത്തെടുത്ത്, ഹൂറികളെ സ്വന്തമാക്കാൻ നാട്ടിൽ ഒരുപാട് പേര് കാത്തിരിക്കുന്നുവെന്ന് സഹതടവുകാർ ആയ മലയാളി മുസ്‌ലിംകളിൽ നിന്ന് അറിയാൻ സാധിച്ചിട്ടുണ്ട്.
മൂന്നുവർഷം കാത്തിരുന്നാൽ ഒരു പക്ഷെ അതിനു സാധിച്ചേക്കാം. അതുവരെ നിയമത്തിന്റെ പരിരക്ഷയിൽ മതതീവ്രവാദികളുടെ ഇടയിൽ എന്റെ ജീവൻ ദുബായ് ജയിലിൽ സുരക്ഷിതമായിരിക്കും എന്ന് ഞാൻ കരുതുന്നു. കാരണം ജയിൽ ജീവിതം അനുഭവിക്കുന്ന ആരും അതിനകത്ത് മറ്റൊരു ആളെ ഒന്നും ചെയ്യാൻ മുതിരില്ല. കൂട്ടിലടയ്ക്കപ്പെട്ട് കമ്പി എണ്ണി ജീവിക്കുന്നത് വലിയ സുഖം ഉള്ള പരിപാടിയല്ല. എന്റെ ബന്ധുക്കളും സഹതടവുകാർ ആഗ്രഹിക്കുന്ന പോലെ ജയിലിൽ കിടന്നു നരകിച്ചാൽ നിസ്കാരം തുടങ്ങാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണമില്ലാത്ത ഒന്നിനോട് പ്രാർത്ഥിക്കാൻ എനിക്ക് ഇതുവരെ പ്രാന്ത് തുടങ്ങിയിട്ടില്ല.
എന്നെ അകത്താക്കാൻ വേണ്ടി പരിശ്രമിച്ച ഓൺലൈൻ / ഓഫ്‌ലൈൻ ആളുകളിൽ ചിലരെയൊക്കെ എങ്കിലും ഞാൻ കണ്ടിട്ടുണ്ട് എന്ന് അവർക്കറിയാം. എന്റെ പ്രതികാരനടപടികൾ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, മരിച്ചവർ, അതായത് എന്നോ എവിടെയോ മരിച്ചവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരെ വെറുക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നിങ്ങളെ പോലെയല്ല ഞാൻ. നിങ്ങൾ അടക്കമുള്ള സഹജീവികളെ ഞാൻ സ്നേഹിക്കുന്നു. എന്റെ മകളുടെ മുന്നിൽ വെച്ചാണ് പോലീസ് എന്നെ പിടിക്കുന്നത്.
ആറു വയസ്സ് മാത്രമുള്ള ആ കുട്ടി വരെ ചോദിച്ചത്രേ ‘എന്റെ വാപ്പ പറയുന്നത് തെറ്റാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കിയാൽ പോരായിരുന്നോ’ എന്ന് .എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന്. ആറാം വയസിൽ തന്നെ എന്റെ മകൾ ഖുർആനിലെ ചില ഭാഗങ്ങൾ കാണാതെ പാരായണം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്യുന്നത് റമദാൻ മാസത്തിലാണ്. സുമയ്യ നോമ്പ് തുറന്ന് കുറച്ചുകഴിഞ്ഞ് ഞാൻ അകത്ത് ആകുന്നത്. സുമയ്യ യും അവളുടെ കൂടെയുള്ള മകളും ഇസ്ലാമികമായി ജീവിക്കുന്നത് ഞാൻ തടഞ്ഞിട്ടില്ല.
അതിനുള്ള സൗകര്യം ഒരുക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല.
എന്റെ ആശ്രിതത്വത്തിൽ കഴിഞ്ഞിരുന്ന അവരെ എന്റെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള പ്രവർത്തികളുടെ മഹത്വം മുസ്ലീങ്ങൾ എന്ന് മനസ്സിലാകുമോ ആവോ? സഹിഷ്ണുതയും സൗഹാർദ്ദവും വെറുതെ പറഞ്ഞാൽ പോരാ, ദുർഗന്ധം വമിക്കുന്ന ഗ്രന്ഥങ്ങളെയും ചിന്തകളെയും ഒളിപ്പിച്ചുവെച്ച എത്ര സുഗന്ധം പൂശി ആയാലും അത് നാട്ടുകാർ തിരിച്ചറിയും.
നമ്മളെ മറ്റുള്ളവർ വെറുക്കുന്നുണ്ടെങ്കിൽ, ഭയപ്പെടുന്നുണ്ടെങ്കിൽ, അതിനു കാരണക്കാർ നമ്മൾ തന്നെയാണ്. ആ കാരണങ്ങൾ ഒഴിവാക്കാതെ എത്ര സമാധാന ക്യാമ്പയിൻ നടത്തിയിട്ടും കാര്യമില്ല. കാരണം ഈ ലോകത്ത് പൊട്ടന്മാർ അകത്തും പുറത്തും രണ്ട് നിലപാട് ഉള്ളവർ മാത്രമാണ്.
അകത്ത് ചേകന്നൂരി നെ കൊന്ന ഫ്രൈ ആക്കി കഴിക്കുകയും പുറത്ത് സമാധാനത്തിന് പ്രാവുകൾ ആവുകയും ചെയ്താൽ സ്വയം വിഡ്ഢിയാവുക മാത്രമാണ് ചെയ്യുക!
മതതീവ്രവാദികൾക്കിടയിൽ ഒറ്റപ്പെട്ട എന്റെ അടുത്തേക്ക് എന്നെ കാണാനും എന്റെ വിവരങ്ങൾ അന്വേഷിക്കാനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയെ അയച്ചവർ എനിക്ക് തന്ന സപ്പോർട്ട് ചെറുതല്ല. വിദേശകാര്യ മന്ത്രാലയത്തിന് പ്രത്യേക നിർദ്ദേശം ഉണ്ടെന്നു പറഞ്ഞപ്പോൾ എന്തോ ഒരു ഊർജ്ജം കിട്ടിയപോലെ.
വിദേശ രാജ്യത്തിന്റെ നിയമ പ്രക്രിയയിൽ ബന്ധപ്പെടാൻ സാധിക്കില്ലെങ്കിലും, ഒരു സഹ പൗരനെ വിദേശ രാജ്യത്ത് ഒറ്റിക്കൊടുത്ത മലയാളി മുസ്ലിങ്ങൾക്കിടയിൽ തലയുയർത്തി നടക്കാൻ ആ സന്ദർശനങ്ങൾ എനിക്ക് മാനസിക ധൈര്യം നൽകിയിട്ടുണ്ട്.
ഞാൻ ഒരു ഇന്ത്യൻ പൗരനാണ്!
അതിനാൽ തന്നെ എന്റെ പുണ്യ പ്രദേശവും ഇന്ത്യ തന്നെ. നമ്മൾ ഇന്ത്യക്കാർ പരസ്പരം ചർച്ച ചെയ്ത് അംഗീകരിച്ച കരാറായ ഭരണഘടനയാണ് എന്റെ പുണ്യഗ്രന്ഥം.
കാലാന്തരത്തിനനുസരിച്ച് നമ്മുടെ ഭരണഘടന മാറുന്നുണ്ട്. സമത്വവും സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. സ്വാതന്ത്ര്യം എത്രമേൽ അമൂല്യമാണ് എന്ന് കൂട്ടിലടയ്ക്കപ്പെട്ട ഞാൻ തിരിച്ചറിയുന്നു. എന്റെ രാജ്യത്തേക്ക് മടങ്ങുന്ന ദിവസം സ്വപ്നം കണ്ട് ബാക്കിയുള്ള ജയിൽ ജീവിതം ഞാൻ ജീവിച്ചു തീർക്കും.
അറബി,ഇംഗ്ലീഷ്,ഹിന്ദി,ഉറുദു,പേർഷ്യൻ എന്നീ ഭാഷകൾ നന്നായി പഠിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ജയിലിൽ ലൈബ്രറിയിൽ അതിനു സഹായകമായ പുസ്തകങ്ങളും ഉണ്ട്. പുറത്തിറങ്ങിയിട്ട് വേണം ആ ഭാഷയിൽ കൂടി മത വിമർശനം നടത്താൻ. വീഴ്ചകൾ അവസരങ്ങൾ ആക്കണമെന്നാണല്ലോ. മാത്രവുമല്ല, സഹ തടവുകാരായ അറബികളിൽ നിന്നും ഹിന്ദി കാരിൽ നിന്നും ഉറുദു കാരിൽ നിന്നും ഭാഷയും പഠിക്കാം. മാത്രവുമല്ല അവരെ ഞാൻ കാണുന്നത് എന്റെ പഴയ ജാഹിലിയാ കാല അവസ്ഥയിലാണ്.
ആ ഭ്രാന്ത് മാറ്റി ഞാൻ ഇന്ന് അനുഭവിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യം അവരെക്കൂടി ആസ്വദിക്കുക എന്നത് എന്റെ ബാധ്യതയായി ഞാൻ കരുതുന്നു.
ആരും ആരെക്കാളും ചെറുതല്ല. നമ്മളെല്ലാം ഈ ഭൂമിയിലെ തുല്യ അവകാശങ്ങൾ ഉള്ള താമസക്കാർ മാത്രം. ഇല്ലാത്ത മോഹനവാഗ്ദാനങ്ങൾ നൽകി മനുഷ്യരെ ചൂഷണം ചെയ്യുകയും വർഗീകരിക്കുക യും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും തുലയട്ടെ!
ഏറ്റവും നന്നായി മനുഷ്യരെ സ്നേഹിക്കുന്നവർക്ക് സാമ്പത്തിക അഭിവൃദ്ധിയും അധികാരവും ലഭിക്കട്ടെ.
ഭീഷണികളുടെ യും അടിച്ചമർത്തലിന്റെയും കാലം കഴിഞ്ഞു. ഇത് സഹവർത്തിത്വത്തിന്റെ കാലമാണ്.
എന്ന് നിങ്ങളുടെ സഹജീവി…
അബ്ദുൽ ഖാദർ പുതിയങ്ങാടി
( ദുബായ് സെൻട്രൽ ജയിൽ )
(അബ്ദുൽ ഖാദർ പുതിയങ്ങാടി ജയിലിൽ നിന്നും അയച്ച കത്ത് അതേപടി പകർത്തിയതാണ് )??
✒️ഡോ: അമീർ അലി
Post Your Comments