ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഹെക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്റെ ഭാര്യ കവിത നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയത്. കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മംഗളൂരു പോലീസിനോട് ആവശ്യപ്പെട്ട കോടതി, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി.
സൗദിയില്‍ തടവിലാക്കപ്പെട്ട ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെ മോചനത്തിനായി കവിത ഹര്‍ജി നല്‍കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. തന്റെ ഭര്‍ത്താവ് ശൈലേഷ് കുമാര്‍ (52) സൗദി അറേബ്യയിലെ ഒരു കമ്പനിയില്‍ 25 വര്‍ഷമായി ജോലി ചെയ്തിരുന്നതായി കവിത ഹര്‍ജിയില്‍ പറയുന്നു. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു സന്ദേശം ഇട്ടിരുന്നുവെന്നും അവര്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെടുക്കുകയും സൗദി അറേബ്യയിലെ രാജാവിനും ഇസ്ലാമിനുമെതിരെ ആക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും ചെയ്തു. വിഷയം അറിഞ്ഞ ശൈലേഷ് ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. മംഗളൂരുവിനടുത്തുള്ള ബികര്‍ണക്കാട്ടെ സ്വദേശിനിയായ ശൈലേഷിന്റെ ഭാര്യ കവിത ഇത് സംബന്ധിച്ച് മംഗളൂരു പോലീസില്‍ പരാതിയും നല്‍കി. അതിനിടെ ശൈലേഷിന്റെ പേരിലുളള വ്യാജ അക്കൗണ്ടില്‍ അപകീര്‍ത്തീകരമായ പോസ്റ്റ് ഇട്ടതിന് സൗദി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് ഫേസ്ബുക്കിന് കത്തെഴുതുകയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തു. എന്നാല്‍ പോലീസ് എഴുതിയ കത്തിനോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് കവിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സൗദി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു
Post Your Comments