![](/wp-content/uploads/2022/01/lulu-up.jpg)
ലഖ്നൗ: രാജ്യത്ത് കോടികളുടെ പദ്ധതികള്‍ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്നചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു.
ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറുമെന്ന് എം.എ യൂസഫലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരിച്ചു. പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും-പച്ചക്കറികളും കയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനകം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്.
ചടങ്ങില്‍ ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. കര്‍ഷകര്‍ക്ക് മികച്ച ലാഭം ഉറപ്പാക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിയ്ക്കുന്ന രീതിയായിരിക്കും പിന്തുടരുകയെന്നും എം.എ യൂസഫലി വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാകുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേര്‍ക്ക് നേരിട്ടും 1500ലധികം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിയ്ക്കും.
Post Your Comments