Latest NewsKeralaNattuvarthaNews

ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്: തോമസ് ഐസക്

ഒരുകാലത്ത് കേരളത്തിലെ കലാലയങ്ങളെ കുരുതിക്കളമാക്കിയവരാണ് കെഎസ് യുക്കാർ

തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിയോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് കുറിപ്പ്. ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

Also Read:മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫെബ്രുവരിയിലെത്തും : ഇന്ത്യയ്ക്കു വേണ്ടി നവീകരിച്ച മോഡലുകളെന്ന് വ്യോമസേന

‘നിസാരമായ രാഷ്ട്രീയ വഴക്കുകൾ കത്തിയും വടിവാളും കൊണ്ട് കൈകാര്യം ചെയ്യാൻ വീണ്ടും കോൺഗ്രസ് രംഗത്തിറങ്ങുകയാണ്. എൽഡിഎഫിനെ തുടർഭരണമേൽപ്പിച്ച കേരള ജനതയ്ക്കു നേരെ അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമാണ് ഇപ്പോൾ കോൺഗ്രസിന്റെ ഭാഷ. തെരഞ്ഞെടുപ്പു തോൽവിയ്ക്ക് തെരുവിൽ ചോരയൊഴുക്കി പ്രതികാരം ചെയ്യാനിറങ്ങുകയാണവർ. തോറ്റുപോയതിന്റെ പക വീട്ടുന്നത് നാടിന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടാണ്. വിദൂരഭൂതകാലത്തിലെന്നോ കത്തിയും മടക്കി മാളത്തിലൊളിച്ച കോൺഗ്രസിന്റെ ക്രിമിനലുകളെ മുഴുവൻ തെരുവിലിറക്കുകയാണ് തന്റെ ദൗത്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ആ പാർടിയെ ഇപ്പോൾ നയിക്കുന്നത്’, തോമസ് ഐസക് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കഷ്ടിച്ച് കൗമാരം കടന്ന ഒരു വിദ്യാർത്ഥിയെ ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊന്നിരിക്കുകയാണ് കേരളത്തിൽ. കൊന്നത് കോൺഗ്രസ് ക്രിമിനലുകൾ. കൊല ചെയ്യപ്പെട്ടത് എസ്എഫ്ഐയുടെ സഖാവ്. ഈ അരുംകൊല കോളജ് വിദ്യാർത്ഥികൾക്കിടയിൽ നടന്ന സംഘർഷത്തിനിടയിൽ സംഭവിച്ചുപോയതല്ല. പുറത്തു നിന്നെത്തിയ ക്രിമിനലുകളുടെ കഠാരയാണ് ആ പിഞ്ചു ജീവൻ കവർന്നത്. ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് ഇടയാക്കുന്നതരത്തുിലുള്ള ഒരു സംഘർഷവും കോളേജിൽ ഉണ്ടായിരുന്നില്ലയെന്നാണ് ഇടുക്കിയിലെ സഖാക്കൾ പറഞ്ഞത്.

നിസാരമായ രാഷ്ട്രീയ വഴക്കുകൾ കത്തിയും വടിവാളും കൊണ്ട് കൈകാര്യം ചെയ്യാൻ വീണ്ടും കോൺഗ്രസ് രംഗത്തിറങ്ങുകയാണ്. എൽഡിഎഫിനെ തുടർഭരണമേൽപ്പിച്ച കേരള ജനതയ്ക്കു നേരെ അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമാണ് ഇപ്പോൾ കോൺഗ്രസിന്റെ ഭാഷ. തെരഞ്ഞെടുപ്പു തോൽവിയ്ക്ക് തെരുവിൽ ചോരയൊഴുക്കി പ്രതികാരം ചെയ്യാനിറങ്ങുകയാണവർ. തോറ്റുപോയതിന്റെ പക വീട്ടുന്നത് നാടിന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടാണ്. വിദൂരഭൂതകാലത്തിലെന്നോ കത്തിയും മടക്കി മാളത്തിലൊളിച്ച കോൺഗ്രസിന്റെ ക്രിമിനലുകളെ മുഴുവൻ തെരുവിലിറക്കുകയാണ് തന്റെ ദൗത്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ആ പാർടിയെ ഇപ്പോൾ നയിക്കുന്നത്.

ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും കൊലയാളി സംഘങ്ങളുടെ ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്. എല്ലാവരുടെയും ലക്ഷ്യം സിപിഐഎമ്മാണ്. ആറു വർഷം കൊണ്ട് 21 സഖാക്കളുടെ ജീവനാണ് നമുക്കു നഷ്ടപ്പെട്ടത്. അതേ ഭാഷയിലും ശൈലിയിലും പാർടി തിരിച്ചടിച്ചിരുന്നെങ്കിലോ. കൊലയാളികളുടെ ആവശ്യവും അതാണ്. നിരപരാധികളുടെ ജീവൻ പൊലിയുന്ന കൊലപാതക പരമ്പരകൾ സ്വപ്നം കണ്ട്, ഉന്മത്തതയുടെ അങ്ങേയറ്റത്തു നിന്ന് ഉറഞ്ഞു തുള്ളുകയാണ് ചില കോൺഗ്രസ് നേതാക്കൾ. ഈ തീക്കളി അവസാനിപ്പിക്കാൻ വിവേകത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്ന കോൺഗ്രസ് നേതാക്കൾ സഹപ്രവർത്തകരെ ഉപദേശിക്കണം.

ഒരുകാലത്ത് കേരളത്തിലെ കലാലയങ്ങളെ കുരുതിക്കളമാക്കിയവരാണ് കെഎസ് യുക്കാർ. കൗമാരം വിടാത്ത എത്രയോ കുട്ടികളെ അവർ കൊലക്കത്തിയ്ക്ക് ഇരയാക്കിയിട്ടുണ്ട്. അതുകൊണ്ടൊന്നും എസ്എഫ്ഐ തകർന്നുപോയില്ല. പക്ഷേ, കൊലക്കത്തിയുമായി കലാലയങ്ങൾ അടക്കി ഭരിക്കാമെന്നു കരുതിയ കെഎസ് യുവിനെ കാമ്പസുകൾ തൂത്തെറിയുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പ്രസ്ഥാനം വളർന്നപ്പോൾ, കൊലയാളികളുടെ സംഘടന നശിച്ചു നാറാണക്കല്ലെടുത്തു.

പണ്ടു താഴെ വെച്ച കൊലക്കത്തി കെഎസ് യു വീണ്ടും കൈയിലെടുക്കുകയാണ്. അതനുവദിച്ചു കൂടാ. ഇനിയൊരു ജീവൻ കാമ്പസിൽ പൊലിഞ്ഞു കൂടാ. അതിന് ക്രിമിനലുകളെ നിലയ്ക്കു നിർത്തണം. പുറത്തു നിന്നുള്ള ഗുണ്ടകളെയും അക്രമികളെയും ഉപയോഗിച്ച് കാമ്പസിനെ വരുതിയ്ക്കു നിർത്താനുള്ള ശ്രമത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണം. സ. ധീരജിനൊപ്പം മറ്റു രണ്ടു വിദ്യാർത്ഥികൾക്കു കൂടി പരിക്കേറ്റിട്ടുണ്ട്. സാരമായ പരിക്കുണ്ടെന്നാണ് വാർത്തകൾ. ഒന്നിലധികം പേരെ കെഎസ് യു ക്രിമിനലുകൾ ലക്ഷ്യം വെച്ചിട്ടുണ്ട് എന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത്. പ്രധാന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവരെയും ഉടൻ കസ്റ്റഡിയിലെടുക്കണം. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം.

സഖാവ് ധീരജിന്റെ കുടുംബവും സുഹൃത്തുക്കളും സഖാക്കളും അസഹ്യമായ വേദനയിലൂടെയാണ് കടന്നുപോകുന്നത്. അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. പ്രിയ സഖാവിന്റെ കുടുംബത്തിന്റെയും സഹപാഠികളുടെയും സഖാക്കളുടെയും തീരാവേദനയിൽ പങ്കുചേരുന്നു.

ലാൽസലാം സഖാവേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button