കായംകുളം: ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് ഇപ്പോഴും കോടതിയിൽ.കേസിൽ തുടരന്വേഷണം ഉണ്ടാകാതിരുന്നത് സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായതെന്നാണ് വിമർശനം. ഷെയർചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് 2019 ലാണ് കായംകുളം പോലീസ് രജിസ്റ്റർ ചെയ്യുന്നത് .
സംസ്ഥാനത്ത് ഓൺലൈൻ വഴി പരസ്പരം പങ്കാളികളെ കൈമാറുന്ന സംഭവം 2018ലാണ് ആരംഭിച്ചത്. ക്രൂരമായ പീഡനത്തെ തുടർന്ന് കായംകുളം സ്വദേശിയായ യുവതിയുടെ പരാതിയിൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേർ അറസ്റ്റിലായി. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവരാണ് കേസിൽ പിടിയിലായത്.
പ്രണയം നടിച്ച് വിവാഹം ചെയ്ത യുവതിയെ മദ്യത്തിന് അടിമയാക്കിയായ യുവാവാണ് ഇതിന് തുടക്കം കുറിച്ചത്. കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയായ ടിപ്പർഡ്രൈവറാണ് പ്രധാന പ്രതി. യുവാവിന്റെ കെണിയിൽപ്പെട്ട ഭാര്യയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. പരസ്പരം പങ്കാളികളെ കൈമാറുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണം വഴിമുട്ടി.
സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകളെ സംബന്ധിച്ച ധാരണ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ മയക്കുമരുന്നു ലോബികളിലേക്ക് അന്വേഷണം എത്തുമെന്ന ഘട്ടമെത്തിയതോടെ കേസിൽ തടസം നേരിട്ടതായാണ് ആരോപണം.
Post Your Comments