കാബൂള്‍: രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരവെ കാബൂളില്‍ ചാരിറ്റി ബേക്കറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന് ചാരിറ്റി ഓര്‍ഗനൈസേഷനായ ഹസാര ഫൗണ്ടേഷന് കാബൂളിലെ രണ്ട് ബേക്കറികള്‍ വഴി പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഈയാഴ്ച ഭക്ഷണമെത്തിച്ചതായാണ് റിപ്പോര്‍ട്ട്. കാബൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി രണ്ട് ‘തബാസം ചാരിറ്റി ബേക്കറി’കള്‍ തുറന്നാണ് ഫൗണ്ടേഷന് ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്.
ദിവസേന ഏകദേശം 300ഓളം കുടുംബങ്ങള്‍ക്കാണ് ബേക്കറികള്‍ വഴി ഭക്ഷണമെത്തിക്കുന്നത്. ‘ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്’- തബാസം ചാരിറ്റി ബേക്കറിയില്‍ അംഗമായ മുഹമ്മദ് ഷരിഫ് തബിഷ് പ്രതികരിച്ചു. രണ്ട് ബേക്കറികള്‍ വെച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടുതല്‍ എണ്ണം കൂട്ടുമെന്നും ഇതിന്റെ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന
രാജ്യത്തെ 3.9 കോടിയോളം വരുന്ന ജനങ്ങളില്‍ 23 മില്യണ്‍ ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് ഭക്ഷണമെത്തിക്കണമെന്നുണ്ടെങ്കില്‍ 2.6 ബില്യണ്‍ യു.എസ് ഡോളര്‍ പണമെങ്കിലും ആവശ്യമായി വരുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞിരുന്നു.
നേരത്തെ ഭക്ഷ്യക്ഷാമം രൂക്ഷമായത് കാരണം അഫ്ഗാനില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍. 2022 മാര്‍ച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Post Your Comments