ArticleLatest NewsIndiaEditor's ChoiceSpecials

അന്ന് അതിക്രമിച്ചു കയറിയയാളെ എസ്.പി.ജി വെടിവെച്ചു കൊന്നു : സംഭവം വായിക്കാം

ദാസ് നിഖിൽ 

ദില്ലി: പ്രധാനമന്ത്രിക്ക് പഞ്ചാബിൽ സംഭവിച്ച സുരക്ഷാവീഴ്ച അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരിക്കുന്ന സമയമാണല്ലോ. രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിത്വത്തിന് സുരക്ഷയൊരുക്കുന്നതിൽ സംഭവിച്ച പിഴവ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയമാണ്. അതോടൊപ്പം തന്നെ ഉയർന്നു വന്ന പേരാണ് അദ്ദേഹത്തിന്റെ അംഗരക്ഷകരായ എസ്.പി.ജിയെന്ന ഹൈ പ്രൊഫൈൽ സെക്യൂരിറ്റി ടീം.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, അഥവാ എസ്.പി.ജി, ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച സംരക്ഷകരാണ്. അകത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച കോട്ടും സ്യൂട്ടും, വെളിച്ചം കടക്കാത്ത, പരസ്പരം ആശയ വിനിമയത്തിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച കറുത്ത കണ്ണടയുമായി പ്രഥമ ദൃഷ്ടിയിൽ നിരായുധരെന്ന് തോന്നിപ്പിക്കുന്ന വണ്ണം സ്റ്റൈലായി നടന്നു നീങ്ങുന്ന ആറടി ഉയരക്കാർ. പക്ഷേ, അപ്രതീക്ഷിതമായി ഒരൊച്ച കേട്ടാൽ, കണ്ണു ചിമ്മുന്നതിനു മുമ്പ് അവരുടെ കൈകളിൽ എല്ലാ തരത്തിലുള്ള ആയുധങ്ങളും പ്രത്യക്ഷപ്പെടും.

ക്ലോസ് ക്വാർട്ടർ പ്രൊട്ടക്ഷൻ, അഥവാ ഏറ്റവും അടുത്ത് നിലയുറപ്പിച്ചു കൊണ്ട് അവർ സംരക്ഷിക്കുന്നയാൾക്ക് ആപത്തുകൾ ഒന്നും സംഭവിക്കാതെ കാക്കുകയാണ് അവരുടെ ജോലി. ഇവർക്ക് പുറത്തു തന്നെ മൂന്നും നാലും സുരക്ഷാ വലയങ്ങൾ പ്രധാനമന്ത്രിയ്ക്ക് ഉണ്ടാവും. നിലവിൽ, പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്പിജി സുരക്ഷയുള്ളത്. ‘അവർ മരിച്ചിട്ട് മാത്രമേ പ്രധാനമന്ത്രിയ്ക്ക് എന്തെങ്കിലും സംഭവിക്കാൻ പാടൂ’ എന്നതാണ് എസ്.പി.ജിയുടെ നിയമം.

സുരക്ഷാ വീഴ്ചയുണ്ടായാൽ, എസ്.പി.ജി എങ്ങനെ പ്രതികരിക്കുമെന്നത് രണ്ടു ദിവസമായി എല്ലാവരുടെയും സംശയമാണ്. അവരുടെ സുരക്ഷാ വലയം ഭേദിക്കത്തക്ക, അപകടകരമാം വണ്ണം അടുത്തെത്തിയാൽ പിന്നെ സംശയമൊന്നും വേണ്ട, മുന്നും പിന്നും നോക്കാതെ അവർ വെടിവെച്ചു തുളയ്ക്കും.

എസ്.പി.ജി ഒരിക്കൽ അങ്ങനെ വെടിവെച്ചിട്ടുണ്ട്. 20 വർഷം മുമ്പ്, 2000 ജനുവരി 25നായിരുന്നു സംഭവം നടന്നത്. അക്കാലത്ത്, മുൻ പ്രധാനമന്ത്രിമാർക്ക് എസ്.പി.ജി പ്രൊട്ടക്ഷനുണ്ട്. എന്നാൽ ഇന്ന്, അവർ സ്ഥാനമൊഴിഞ്ഞ ശേഷം ഒരു വർഷത്തേക്ക് മാത്രമേ സംരക്ഷണം ലഭിക്കൂ.

ഉത്തർപ്രദേശിലെ ഗാസിപ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, അന്നേ ദിവസം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട എസ്.പി.ജി ഉദ്യോഗസ്ഥരും കൂടെയുണ്ട്. ട്രെയിൻ സാദത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഒരു സംഘം കോളേജ് വിദ്യാർത്ഥികൾ കമ്പാർട്ട്മെന്റിൽ കയറാൻ ശ്രമിച്ചു.

വി.ഐ.പി യാത്ര ചെയ്യുന്ന കമ്പാർട്ട്മെന്റ് ആണെന്ന് മുന്നറിയിപ്പു നൽകി സുരക്ഷാ ഉദ്യോഗസ്ഥർ അവരെ വിലക്കി. എന്നാൽ, ചില വിദ്യാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമാവുകയും കമ്പാർട്ട്മെന്റിനകത്തേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ ആകെ ഉന്തും തള്ളുമായി. ഇതോടെ, എസ്.പി.ജി ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് നേരെ നിറയൊഴിച്ചു. വെടിവെയ്പ്പിൽ, ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എസ്.പി.ജിയ്ക്ക് സുരക്ഷാ ഭീഷണി നേരിട്ട, ആയുധമുപയോഗിക്കേണ്ടി വന്ന ഒരേയൊരു സംഭവം ഇതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button