തിരുവനന്തപുരം: എംഎൽഎ ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി ഉഷ മോഹൻദാസ് രംഗത്ത്. ക്യാൻസർ ബാധിതയായിരുന്ന നടി ശ്രീവിദ്യയ്ക്ക് അവസാനകാലത്ത് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ലെന്നും ഡോക്‌ടർ കൃഷ്‌ണൻ നായരുടെ ആത്മകഥയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉഷ മോഹൻദാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് ലോകായുക്തയിൽ നിലവിലുണ്ടെന്നും ഉഷ മോഹൻദാസ് കൂട്ടിച്ചേർത്തു.
‘ആർസിസിയിലെ ബഹുമാന്യനായ ഡോക്‌ടർ കൃഷ്‌ണൻ നായർ സാറിന്റെ ജീവചരിത്രത്തിൽ നിന്ന് എനിക്ക് വായിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ പറഞ്ഞേക്കുന്ന പ്രകാരമാണെങ്കിൽ, അവസാനകാലത്ത് വേദനകൊണ്ട് പുളഞ്ഞ ആ സ്ത്രീക്ക് മരുന്ന് വാങ്ങാൻ പോലും അനുവദിച്ചില്ല. അതുസംബന്ധിച്ച് ഒരു കേസ് ലോകായുക്തയിൽ നിലവിലുണ്ട്. അവരുടെ സഹോദരന് കൊടുക്കാന്ന് പറഞ്ഞ വില്ല കൊടുത്തിട്ടില്ല’. ഉഷ മോഹൻദാസ് പറഞ്ഞു.
‘മകളുടെ പത്ത് വയസുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ നിക്ഷേപിച്ച പണം ബാങ്ക് രേഖകളടക്കം ഗണേഷ്കുമാർ തട്ടിയെടുത്തു. ഗുരുതരാവസ്ഥയിലായ പേരക്കുട്ടിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതെങ്കിലും തരണമെന്ന് കേണു പറഞ്ഞു. സഹോദരി അടക്കം കരഞ്ഞപേക്ഷിച്ചിട്ടും ഗണേഷ് വഴങ്ങിയില്ല. ഉഷാ മോഹൻദാസ് പറഞ്ഞു.
ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും, അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് കേരള കോൺഗ്രസ് ( ബി ) എതിർ വിഭാഗത്തിന്റെ ചെയർപേഴ്സൺ പദവി സ്വീകരിച്ചതെന്നും ഉഷാ മോഹൻദാസ് വ്യക്തമാക്കി.
Post Your Comments