Latest NewsKeralaNews

സാധാരണക്കാര്‍ക്ക് കയറാന്‍ പറ്റാത്ത കെ റെയിലിനു വേണ്ടി പിണറായി സര്‍ക്കാര്‍ അതിവേഗം ഓടുന്നത് എന്തിന് ?

പിണറായി സര്‍ക്കാരിനെതിരെ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍

കണ്ണൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ അവഗണിച്ച് കെ-റെയില്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരള സര്‍ക്കാരിന്റേയും തീരുമാനത്തിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്ധതിയെ വിമര്‍ശിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവിന്റെ മകന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. സിപിഐയുടെ പ്രവര്‍ത്തകനും കണ്ണൂര്‍ ബാറിലെ അഭിഭാഷകനുമാണ് രൂപേഷ്.

അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് ജനങ്ങള്‍ക്ക് അത്യാവശ്യമല്ലാത്ത, സാധാരണക്കാര്‍ക്ക് കയറാന്‍ പറ്റാത്ത കെ റെയിലിനു വേണ്ടി
പിണറായി സര്‍ക്കാര്‍ ഓടി നടക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് രൂപേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഡംബരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ലെന്നും അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍ തലചായ്ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്നത് മറന്നു പോകരുതെന്നും
പോസ്റ്റിലൂടെ സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുകയാണ് മുതിര്‍ന്ന സിപിഐ നേതാവിന്റെ മകന്‍.

Read Also : കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

‘ആശകളും മോഹങ്ങളും ആഗ്രഹങ്ങളും അതിരുവിടുമ്പോള്‍ കാലത്തിനു മുമ്പെ പറക്കാനായി മനസ്സ് താനെ ചിറകുകള്‍ തുന്നി കൂട്ടും. കാലത്തിനു മുമ്പേ പറക്കാന്‍ വെമ്പുന്ന മനസ്സുമായി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ തുന്നാനായി ചിറകുകളില്ലാത്തവരുടെ മോഹങ്ങള്‍ വെറും വ്യാമോഹങ്ങളായി തീരും. സ്വന്തം ചിറകുകള്‍ തുന്നാതെ മറ്റുള്ളവരുടെ ചിറകുകള്‍ തുന്നാനായി തുനിഞ്ഞിറങ്ങിയവരായിരുന്നു കയ്യൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും ചിറകുകളറ്റ് ചാരമായത് . എംപി ആകാനും എംഎല്‍എ ആകാനും മന്ത്രിയാകാനുമുള്ള മോഹമില്ലാതെ ചാരമായ അവരുടെ ചാരത്തില്‍ ഹൃദയം ചേര്‍ത്ത് വെച്ചപ്പോഴാ വയലാറിന്റെ കവി മനസ്സില്‍ ബലികുടീരങ്ങള്‍ കെടാത്ത കൈത്തിരി നാളങ്ങളായി തീര്‍ന്നത്’.

‘ആ കൈത്തിരി നാളങ്ങള്‍ കെ റെയിലിനും ജലപാതയ്ക്കും കടമെടുക്കാനായി കെടാതെ കത്തുമ്പോള്‍ മറന്നു പോകുന്നത് രണ സ്മാരകങ്ങള്‍ മാത്രമല്ല , മരുന്നിനു പോലും തികയാത്ത ക്ഷേമ പെന്‍ഷനുകളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത പെന്‍ഷന്‍ കൂട്ടി കിട്ടേണ്ട പതിനായിരങ്ങളെ കൂടിയാണ്. പറന്നെത്താനായി ഒന്നര മണിക്കൂര്‍ അകലെ മാത്രം നില്‍ക്കുന്നിടത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോള്‍, ആ ഓട്ടത്തിന് വെറും കാഴ്ചക്കാരാകാന്‍ മാത്രമായി നില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയം കോവിഡില്‍ പാളം തെറ്റി പണിയില്ലാതലയുന്നതും കടം കയറി ജപ്തികളുടെയും ജീവിതത്തിന്റെയും പാളത്തിനിടയില്‍ ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും മങ്ങിയ കാഴ്ചകളാകരുതൊരിക്കലും. അകമ്പടി വാഹനങ്ങളോ ആഡംബര സൗകര്യങ്ങളോ വേണ്ട എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാരാണ് ഇവിടെയുള്ളത്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button