
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. നീതുവിന് പിന്നിൽ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ലെന്നും വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നും എസ്‌പി പറഞ്ഞു. എന്നാൽ അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌പി അറിയിച്ചു.
‘കുട്ടിയെ നീതു തട്ടിയെടുത്തത് മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. എന്തിന് വേണ്ടിയാണ് അവർ ഇത് ചെയ്തത് എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാൻ പറ്റില്ല. അവരുടെ മൊഴികളിൽ വളരെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ യുവതിക്ക് പിന്നിൽ മറ്റു റാക്കറ്റുകളൊന്നുമില്ല. രണ്ട് ദിവസം മുൻപാണ് ഈ യുവതി ഹോട്ടലിൽ മുറിയെടുത്തത്. അവരുടെ കൂടെയുള്ളത് സ്വന്തം മകൻ തന്നെയാണ്. വ്യക്തിപരമായ ഒരു ആവശ്യത്തിനായാണ് യുവതി ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്. അതേക്കുറിച്ച് അവർ നൽകിയ വിശദീകരണം പോലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലാണുള്ളത്’. എസ്‌പി ഡി ശിൽപ പറഞ്ഞു.
തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്‌പി കൂട്ടിച്ചേർത്തു.
Post Your Comments