ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും പഞ്ചാബ് സന്ദര്‍ശനത്തിനിടെ റോഡില്‍ കുടുങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക പൊലീസ് സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഇവയൊക്കെ ഉണ്ടായിട്ടും, രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രിയാണ് 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച : ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
പഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്കു പിന്നാലെ, ബ്ലൂ ബുക്കിലെ നിര്‍ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബ്ലൂ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. യാത്രയ്ക്കിടെ നടപ്പിലാക്കേണ്ട പ്ലാന്‍ എ, ബി എല്ലാം വിശദമായി ബ്ലൂ ബുക്കില്‍ യാത്രയ്ക്ക് മുന്‍പേ വ്യക്തമായി രേഖപ്പെടുത്തും. അവ അനുസരിച്ചാണ് യാത്ര തുടരുക. എന്നാല്‍, ബ്ലൂ ബുക്കിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ പഞ്ചാബ് പൊലീസ് നടപ്പിലാക്കേണ്ട കാര്യങ്ങള്‍ അവഗണിച്ചു എന്നാണ് ആരോപണം.
പ്രതിഷേധക്കാരെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും പ്രധാനമന്ത്രിയുടെ ഫിറോസ്പുര്‍ സന്ദര്‍ശനത്തിന് ഒരു ബദല്‍ റൂട്ട് മുന്‍കൂട്ടി തയ്യാറാക്കാന്‍ പഞ്ചാബ് പൊലീസ് കരുതല്‍ കാണിച്ചില്ലെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിവിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബ്ലൂ ബുക്ക് തയാറാക്കുന്നത്. സന്ദര്‍ശനത്തിനു മൂന്നു ദിവസം മുന്‍പുതന്നെ യാത്രയുടെ വിവരങ്ങള്‍ ബ്ലൂ ബുക്കില്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. പുറപ്പെടുന്നതു മുതല്‍ തിരിച്ചെത്തുന്നതു വരെയുള്ള എല്ലാ വിവരങ്ങളും അതില്‍ കൃത്യ സമയം ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍പില്ലാത്ത തരത്തില്‍ സുരക്ഷാ കവചം ഒരുക്കണമെന്ന് നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി കനത്ത ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ എസ്പിജി രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. വന്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് ഹൈടെക് സുരക്ഷ തന്നെയാണ് എസ്പിജി നല്‍കുന്നത്.
അതേസമയം, പ്രധാനമന്ത്രിക്ക് യാത്ര ചെയ്യുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാറുകളും
സുരക്ഷയ്ക്കായി ചുരുങ്ങിയത് 40 അംഗങ്ങളെങ്കിലുമുള്ള എസ്പിജി സംഘത്തെയുമാണ് സജ്ജീകരിച്ചിരുന്നത്.
Post Your Comments