ചെന്നൈ: വിമാനത്താവളത്തിൽ വെച്ച് തോക്കുമായി അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. കോയമ്പത്തൂർ മജിസ്‌ട്രേറ്റാണ് റിമാന്റ് ചെയ്തത്. ഇയാളെ പൊള്ളച്ചി സബ് ജയിലിലേക്ക് മാറ്റും. ഇന്നലെ രാവിലെയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് കെഎസ്ബിഎ തങ്ങളെ തോക്കും ഏഴ് തിരകളുമായി പിടികൂടിയത്.
പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായ കെഎസ്ബിഎ തങ്ങളുടെ അറസ്റ്റ് കോയമ്പത്തൂർ പീളെമേട് പോലീസാണ് രേഖപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിയമമനുസരിച്ച് മൂന്ന് മുതൽ ഏഴ് വർക്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ന് പുലർച്ചെ ബെംഗളൂരുവിലേയ്‌ക്ക് പോകാനായി ആണ് തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയത്.
ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത് 80 വർഷത്തിലേറെ പഴക്കമുള്ള തോക്കാണെന്നും, ഇത് തന്റെ പിതാവ് ഉപയോഗിച്ചതാണെന്നും ഇയാൾ മൊഴി നൽകി. അബദ്ധത്തിലാണ് തോക്ക് ബാഗിൽ വെച്ചതെന്നും തങ്ങൾ പറയുന്നു. എന്നാൽ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കേസിൽ ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കുമെന്ന് ഇയാളുടെ അഭിഭാഷകൻ പറഞ്ഞു. കോയമ്പത്തൂർ ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർ അരുണിന്റെ നേതൃത്വത്തിൽ തങ്ങളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments