
മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ഭായ് ആപ്പ് കേസിൽ മുഖ്യപ്രതിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബുള്ളി ഭായ്, സുള്ളി ഡീല്‍സ് എന്നീ ആപ്പുകള്‍ വഴി മുസ്ലിം സ്ത്രീകളെ ലൈംഗിക വില്‍പനചരക്കുകളും അടിമവേലക്കാരുമായി ചിത്രീകരിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജാമിഅ വിദ്യാര്‍ത്ഥി നേതാവ് ലദീദ ഫര്‍സാന രംഗത്ത്. മുസ്ലിം സ്ത്രീകൾ എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്, അവർ അടിമകളാണ് എന്ന പ്രചാരണമാണ് ഈ ആപ്പ് വഴി ഇക്കൂട്ടർ പ്രകടിപ്പിക്കുന്നതെന്ന് ലദീദ പറയുന്നു. ഈ ആപ്പുകളില്‍ ലദീദയുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു.
കേവലം സ്ത്രീയ്ക്ക് നേരെ നടന്ന സെക്ഷ്വൽ ഹരാസ്മെന്റ് കേസ് അല്ലെന്നും ഇന്ത്യ ഉണ്ടായ കാലം മുതൽക്കേ ഇവിടുത്തെ മുസ്ലിംങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയുടേയും കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും തുടർച്ചയാണെന്നും ജാമിഅ വിദ്യാര്‍ത്ഥി നേതാവ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. മുസ്ലിം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ല എന്നും ഫർസാന ആരോപിക്കുന്നു.
‘ഓൺലൈൻ വഴി മുസ്ലിം സ്ത്രീകളെ ഹരാസ് ചെയ്യുന്നത് ഇത് രണ്ടാം തവണ ആണ്. ആദ്യം സുള്ളി ഡീല്‍സ് ഇപ്പോൾ ബുള്ളി ഭായ്. പല മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ നൂറ് കണക്കിന് മുസ്ലിം സ്ത്രീകളെയാണ് ഈ ആപ്പ് വഴി ഇവർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീ എന്ന് പറയുമ്പോൾ അവർ ഏത് അർത്ഥത്തിൽ ട്രീറ്റ് ചെയ്യപ്പെടേണ്ടതാണെന്ന ചിലരുടെ ബോധ്യത്തിൽ നിന്നും ആണ് ഇത്തരം ആപ്പുകൾ ഉണ്ടാകുന്നതെന്നാണ് മനസിലാക്കുന്നത്. എന്റെ മുഖവും എന്റെ വ്യക്തിവിവരങ്ങളും ആപ്പിലൂടെ പങ്കുവെയ്ക്കപ്പെടുമ്പോൾ ഞാൻ അവരുടെ അടിമയാണ് എന്ന അർത്ഥത്തിലാണ് അവർ ഇതിനെ കാണുന്നത്. നാളെ എനിക്ക് എങ്ങനെയാണ് സുരക്ഷിതത്ത്വത്തോടെ പുറത്തിറങ്ങി നടക്കാൻ കഴയുന്നത്?. വംശഹത്യയുടെ ശ്രേണി എടുത്ത് നോക്കിയാൽ, മുസ്ലിം സ്ത്രീകൾ എപ്പോഴും ബലാത്സംഗം ചെയ്യപ്പെടുന്നവർ ആണ്. മുസ്ലിം സ്ത്രീകൾ അവർക്ക് പ്രധാനപ്പെട്ട ഒരു ടൂൾ ആണ്. ആ അർത്ഥത്തിൽ തന്നെ അവരെ ചിത്രീകരിക്കുന്നവയാണ് ഇത്തരം ആപ്പുകൾ. എന്നെ സംബന്ധിച്ചിടത്തോളം എന്നെക്കുറിച്ച് തന്നെ ഞാൻ പഠിക്കേണ്ട അവസ്ഥയുണ്ടാകുന്നു’, ലദീദ ഫർസാന പറയുന്നു.
അതേസമയം, മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ഭായ് ആപ്പ് കേസിൽ മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശിനിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബുള്ളി ഭായ് ആപ്പ് കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഉത്തരാഖണ്ഡ് സ്വദേശിനി. മുൻപ് ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ ഇതേകേസിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരും പരസ്പരം അറിയാവുന്നവരാണെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആശയവിനിമയങ്ങള്‍ നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments