KeralaLatest NewsNews

ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, സ്വപ്നാ സുരേഷിനെ കൂടി പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭം: രമേശ് ചെന്നിത്തല

'കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ള കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്'

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ തിരിച്ചെടുത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത് വഴി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കള്ളക്കടത്ത് നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേയെന്ന് ചെന്നിത്തല ചോദിച്ചു.

Read Also : കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: മേഘകൂട്ടത്തില്‍പ്പെട്ടപ്പോള്‍ താഴെയിറക്കാതെ പറത്താന്‍ തിരുമാനിച്ചു, പാറയില്‍ ഇടിച്ചു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ് ശിവശങ്കര്‍. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെ കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്ത് നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേയെന്ന് ചെന്നിത്തല ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ള കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button