ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത ഛന്നി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത് എത്തി. പ്രധാനമന്ത്രിക്ക് സുഖകരമായ വഴി ഒരുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെ വിമര്‍ശിച്ചു.
കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബ് ഫ്‌ളൈ ഓവറില്‍ 20 മിനിറ്റോളം പ്രധാനമന്ത്രിയെ തടഞ്ഞത് വന്‍ സുരക്ഷ വീഴ്ച ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയായിരുന്നു അമരീന്ദറിന്റെ ട്വീറ്റ്.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതില്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയും സമ്പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള പാതയൊരുക്കാന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല, അതാകട്ടെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ്’ -അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
സുരക്ഷ വീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് ഫിറോസ്പൂരില്‍ നടത്താനിരുന്ന പരിപാടി ഉപേക്ഷിക്കേണ്ടി വന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി.
Post Your Comments