ഗുരുഗ്രാം: തട്ടിക്കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞ് ഭാര്യയിൽ നിന്ന് പണം തട്ടാൻ നോക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ രാജീവ് നഗറിൽ താമസിക്കുന്ന അനൂപ് യാദവാണ് പ്രതി. പലരിൽ നിന്നായി കടം വാങ്ങിയ പണം തിരികെ നല്കാൻ കഴിയാതെ വന്നതോടെ ഇയാൾ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. മോചനദ്രവ്യമായി ഭാര്യയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് അനൂപ് ആവശ്യപ്പെട്ടത്.
ഞായറാഴ്ച രാത്രിഭർത്താവിനെ മോചിപ്പിക്കുന്നതിനായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് അനൂപ് യാദവിന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പരാതിനൽകി. ജനുവരി 2 ന്, തന്റെ ഭർത്താവ് അനൂപ് യാദവിനെ സെക്ടർ 29 ലെ ഡൗൺ ടൗൺ ക്ലബിൽ നിന്ന് ആരോ തട്ടിക്കൊണ്ടുപോയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെ മോചിപ്പിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നല്കണമെന്ന ഒരു വാട്സാപ്പ് സന്ദേശം ലഭിച്ചതായും യുവതി പോലീസിനെ അറിയിച്ചു.
എന്നാൽ ഭാര്യ ഈ സന്ദേശവുമായി പൊലീസിനെ സമീപിച്ചതോടെ അനൂപിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു. കേസിൽ അതിവേഗം അന്വേഷണത്തിന് ഉത്തരവിട്ട പോലീസ് നിരീക്ഷണത്തിലൂടെ പ്രതിയെ തിങ്കളാഴ്ച ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലെ ഐഎംടി ചൗക്കിൽ നിന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താൻ തന്നെയാണ് സന്ദേശം അയച്ചതെന്നും പ്രതി വെളിപ്പെടുത്തി.
മുൻപും ഇയാൾ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും അന്ന് അതെല്ലാം അയാളുടെ കുടുംബമാണ് വീട്ടിയതെന്നും പോലീസ് വ്യക്തമാക്കി. ഗൂഢാലോചന നടത്തി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രതിക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments