തഞ്ചാവൂര്‍ : തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ 500കോടി വിലമതിക്കുന്ന, ആയിരം വര്‍ഷം പഴക്കമുള്ള മരതക ശിവലിംഗം കണ്ടെടുത്തു. തമിഴ്നാട് എഡി.ജി.പി കെ ജയന്ത് മുരളിയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി വിഭാഗം പ്രമുഖ വ്യവസായിയായ സാമിയപ്പന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇയാളുടെ ലോക്കറിൽ നിന്ന് രത്ന വിഗ്രഹം കണ്ടെടുത്തത്. നാഗപട്ടണത്തിനടുത്തുള്ള തിരുക്കുവളൈയിലുള്ള ശ്രീ ത്യാഗരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 2016ല്‍ കാണാതായ ശിവലിംഗമാണ് കണ്ടെടുത്തതെന്നാണ് കരുതുന്നത്.
ഇവിടെ പുരാതന വിഗ്രഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. വിഗ്രഹത്തിന്റെ മൂല്യം നിര്‍ണയിക്കുവാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശിവലിംഗത്തിന് 530 ഗ്രാം ഭാരവും 8 സെന്റിമീറ്റര്‍ ഉയരവുമുണ്ട്.
സാമിയപ്പന് വിഗ്രഹം എങ്ങനെ ലഭിച്ചു എന്ന് അറിയില്ലെന്ന് മകനായ അരുണ്‍ പറഞ്ഞു. ശിവലിംഗം ഉടന്‍ കുംഭകോണം കോടതിയില്‍ ഹാജരാക്കും.
ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജേന്ദ്ര ചോളന്റെ ഭരണകാലത്ത് അദ്ദേഹം മദ്ധ്യ ഏഷ്യന്‍ രാജ്യത്ത് നിന്ന് കൊണ്ടുവന്ന മരതകലിംഗമാണ് ഇതെന്ന് കരുതപ്പെടുന്നു
തിരുവാരൂര്‍, വേദാരണ്യം, തിരുക്കവല, തിരുക്കരവാസല്‍, തിരുനല്ലൂര്‍, നാഗപട്ടണം, തിരുവായ്‌മൂര്‍ എന്നിങ്ങനെ തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന ഏഴ് ശിവക്ഷേത്രങ്ങളിലാണ് മരതകത്തില്‍ തീര്‍ത്ത ശിവലിംഗമുള്ളത്. ചോള സാമാജ്ര്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന മുചുകുന്ദ ദാനം ചെയ്‌തതാണ് ഇവ.
Post Your Comments