കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പൊലീസ് ജീപ്പ് ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ് (19) പൊലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോളയത്തോടാണ് കേസിനാസ്പദമായ സംഭവം.
പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് എസ്.ഐയുടെ ജീപ്പിന്റെ ചില്ല് പൊട്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ടാണ് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം പൊലീസ് എത്തി നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റിയ സമയം സ്ഥലത്തുണ്ടായിരുന്ന രാജേന്ദ്രൻ കല്ലെടുത്ത് ജീപ്പിന്റെ ചില്ല് ഇടിച്ച് പൊട്ടിക്കുകയും ആ സമയം നൗഫൽ ജീപ്പിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
ലഹള ഉണ്ടാക്കുക പൊതു മുതൽ നശിപ്പിക്കുക, സർക്കാർ ജീവനക്കാരെ ആക്രമിക്കുക, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഈ കേസിൽ രാജേന്ദ്രൻ, കിഷോർ, അഷറഫ് എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിൻെറ നിർദേശാനുസരണം ഈസ്റ്റ് എസ്.എച്ച്.ഒ രതീഷ്, എസ്.ഐ രതീഷ് കുമാർ, ജി.എസ്.ഐ ജയലാൽ, പ്രമോദ്, സി.പി.ഒമാരായ അനു, സന്തോഷ്, സജീവ്, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചിന്നക്കടയിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments