
പൊന്നാനി: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യ ബന്ധനത്തിന് പോയ വള്ളം തിരിച്ചെത്തിയില്ല. മൂന്ന് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ചെറിയ ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ മൂന്നുപേരും കടലിൽ പോയത്. അതുകൊണ്ടു തന്നെ കൂടുതല്‍ ഉള്‍ക്കടലിലേക്ക് പോകാനുള്ള സാധ്യത വിരളമായതിനാല്‍ തീരത്തോട് ചേര്‍ന്ന മേഖലകളിലാണ് ഇപ്പോൾ തിരച്ചില്‍ നടത്തുന്നത്. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്ടറും ഉള്‍പ്പടെ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, നാസര്‍ എന്നിവരാണ് കാണാതായ വള്ളത്തില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവർ മൂന്നുപേരും മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ശനിയാഴ്ച ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ അറിയിച്ചത്. നാട്ടുകാരുടെയും വിവിധ സേനകളുടേയും സഹകരണത്തിൽ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments