പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി കെ ശശിയുടെ പേരും ചർച്ചയിൽ. മൂന്ന് ടേം പൂര്‍ത്തിയാക്കിയ സി കെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറി സ്ഥാനത്തേക്കാണ് പികെ ശശിയുടെ പേര് പരിഗണിക്കുന്നത്. എന്‍എന്‍ കൃഷ്ണദാസിന്റേതാണ് ഉയരുന്ന മറ്റൊരു പേര്. ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളില്‍ 9 എണ്ണത്തിലും പികെ ശശി വിഭാഗത്തിനാണ് മേല്‍ക്കൈ.
എന്നാൽ, കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നതിനാല്‍ ശശിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നതിലും സംശയമുയരുന്നുണ്ട്. അതേസമയം പികെ ശശിക്കെതിരായ പാര്‍ട്ടി നടപടി വേഗത്തില്‍ പിന്‍വലിച്ചത് ശരിയായില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയർന്നിരുന്നു. സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചതിൽ പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മിറ്റികളാണ് വിമര്‍ശനം ഉന്നയിച്ചത്. പികെ ശശിക്ക് എതിരായ പീഡന പരാതിയെ തുടര്‍ന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ പികെ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്യുകയായിരുന്നു. എന്നാൽ സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ചശേഷം അദ്ദേഹത്തെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതി അന്വേഷിച്ച എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments